ഗതാഗതക്കുരുക്ക് രൂക്ഷം, ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെ നടപടി; തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയ ബാരിക്കേഡുകൾ മാറ്റി
തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയ ബാരിക്കേഡുകൾ മാറ്റി. ഗതാഗതകുരുക്ക് രൂക്ഷമെന്ന ട്വന്റിഫോർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ബാരിക്കേടുകൾ മാറ്റാത്തതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. മൂന്ന് ദിവസം മുമ്പാണ് റോഡിന് ഇരുവശവും ബാരിക്കാട് സ്ഥാപിച്ചത്. മൂന്നുദിവസമായിട്ടും അധികൃതർ ബാരിക്കേഡ് നീക്കാൻ തയ്യാറായിരുന്നില്ല. 24 വാർത്തയെ തുടർന്നാണ് ഇപ്പോൾ ബാരിക്കേടുകൾ നീക്കുന്നത്.
തിരുവനന്തപുരം കന്യാകുമാരി പാതയിലാണ് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഈ മാസം നാലിനാണ് തിരുവനന്തപുരത്ത് റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ചത്. ബാരിക്കേടുകൾ ഗതാഗതത്തിന് തടസമാകുന്നു എന്ന പരാതി ഉയർന്നിരുന്നു. കിള്ളിപ്പാലം മുതൽ കരമന വരെ ഒന്നരക്കിലോമീറ്ററാണ് ബാരിക്കേടുകൾ തടസം സൃഷ്ടിച്ചത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കേരളത്തിലെത്തിയ പ്രധാനമന്ത്രി തിരുവല്ലയിലെ പൊതുപരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെ നടന്ന ആവേശകരമായ റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുത്തു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോയ റോഡ് ഷോയിൽ എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ, കരമന ജയൻ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
റോഡിന്റെ ഇരുവശങ്ങളിലും പ്രധാനമന്ത്രിയെ കാണാനായി വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. തിരുവല്ലയിൽ പൊതുയോഗം ഉണ്ടായിരുന്നെങ്കിലും തിരുവനന്തപുരത്ത് റോഡ് ഷോ മാത്രമാണ് നിശ്ചയിച്ചിരുന്നത്. പൂക്കളുമായി വഴിയരികിൽ മണിക്കൂറുകളോളം കാത്തുനിന്ന ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ട് തുറന്ന വാഹനത്തിൽ വളരെ സാവധാനത്തിലാണ് പ്രധാനമന്ത്രിയുടെ വാഹനം നീങ്ങിയത്.
തിരുവല്ലയിലെ പൊതുയോഗത്തിൽ ഇടതുവലത് മുന്നണികളെ വിമർശിച്ച് മോദി സംസാരിച്ചിരുന്നു. വിഭവങ്ങൾ ആവശ്യത്തിനധികം ഉണ്ടായിട്ടും കേരളത്തിൽ വികസന മുരടിപ്പാണെന്നും പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളെക്കുറിച്ച് കോൺഗ്രസ് നടത്തുന്ന പ്രസ്താവനകൾ ഗൾഫ് മേഖലയിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ ജീവിതം അപകടത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ശബരിമല സ്വർണക്കൊള്ളയിൽ ഇടത് പക്ഷത്തിനും കോൺഗ്രസിനും ഒരേപോലെ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : The barricades of Prime Minister’s security were removed in tvm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




