Advertisement

രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍; വിപണികള്‍ക്ക് വന്‍ ഊര്‍ജ്ജം; ആഗോള വിപണികളിലെ ആവേശം ഇന്ത്യന്‍ വിപണികളിലും

April 8, 2026
Google News 2 minutes Read
market

രണ്ടാഴ്ചത്തെ താത്കാലിക യുദ്ധവിരാമമെന്ന പ്രസ്താവന വിപണികള്‍ക്ക് വന്‍ ഊര്‍ജ്ജമാണ് പകര്‍ന്നത്. ആഗോള വിപണികളിലെ ആവേശം ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചു. ക്രൂഡ് വില കുറഞ്ഞതോടെ ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി. സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായി.

ഒരൊറ്റ പ്രഖ്യാപനം ആഗോള വിപണികളിലുണ്ടാക്കിയ ചലനം വലുതാണ്. പ്രസ്താവന വന്ന് ഒരു മണിക്കൂറില്‍ എണ്ണവില താഴേക്ക്. ബാരലിന് 110 ഡോളറിന് മുകളില്‍ നിന്ന ബ്രെന്റ് ക്രൂഡ് വില 14 ശതമാനം കുറഞ്ഞ് 94 ഡോളറിലെത്തി. ഇറാന്‍-റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധം പിന്‍വലിച്ചത് വിപണിയിലേക്ക് എണ്ണ ഒഴുക്കുമെന്നാണ് പ്രതീക്ഷ. അധിക എണ്ണ ശേഖരം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് ഭാവിയില്‍ സമാന സാഹചര്യങ്ങളെ നേരിടാന്‍ കരുത്ത് പകരും. എണ്ണ വില കുറഞ്ഞതോടെ ഡോളറിനെതിരെ രൂപയും നില മെച്ചപ്പെടുത്തി. ഡോളറിനെതിരെ 50 പൈസ ഉയര്‍ന്ന് 92 രൂപ 54 പൈസയിലായിരുന്നു വ്യാപാരത്തുടക്കം.

നീക്കത്തോട് അമേരിക്കന്‍ വിപണി അനുകൂലമായി പ്രതികരിച്ചപ്പോള്‍ അത് ഏഷ്യന്‍ വിപണികളിലേക്കും പകര്‍ന്നു. ജപ്പാന്റെ നിക്കൈയും ദക്ഷിണ കൊറിയയുടെ കോസ്പിയും ഹോങ്കോങ്ങിലെ ഹാങ്‌സെങ്ങുമൊക്കെ മികച്ച നേട്ടത്തില്‍ വ്യാപാരം തുടരുന്നു. ഇന്ത്യന്‍ വിപണികളിലും ബുള്‍ ആധിപത്യം വന്നതോടെ വ്യാപാരത്തുടക്കത്തില്‍ സെന്‍സെക്‌സ് 2,700 പോയിന്റ് വരെയും നിഫ്റ്റി 750 പോയിന്റ് വരെയും കൂടി. ആശങ്ക ഒഴിഞ്ഞതോടെ സ്വര്‍ണം-വെള്ളി വിലകളിലും ഉയര്‍ച്ച രേഖപ്പെടുത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,800 ഡോളര്‍ കടന്നതോടെ സംസ്ഥാനത്തും സ്വര്‍ണവില കൂടി. പവന് 2,920 രൂപ കൂടി 1,12,800 രൂപയും ഗ്രാമിന് 14,100 രൂപയുമാണ് ഇന്നത്തെ വില. കേന്ദ്രബാങ്കുകളും അതിസന്പന്നരും സ്വര്‍ണം വാങ്ങിക്കൂട്ടുമെന്നും ഇത് സ്വര്‍ണവില വീണ്ടും ഉയരാനിടയാക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

Story Highlights : Two-week temporary ceasefire; huge boost for markets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here