Advertisement

‘കുന്നത്തുനാട്ടിൽ LDF വോട്ട് UDFന് വിറ്റു; ട്വൻ്റി 20യ്ക്ക് എറണാകുളത്ത് നാല് സീറ്റ് ഉറപ്പ്’: സാബു എം ജേക്കബ്

April 10, 2026
Google News 2 minutes Read

എറണാകുളം കുന്നത്തുനാട്ടിൽ എൻഡിഎയെ തോൽപ്പിക്കാൻ എൽഡിഎഫ് വോട്ട് യുഡിഎഫിന് വിറ്റെന്ന ആരോപണവുമായി ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ്. വോട്ട് മറിച്ചില്ലെങ്കിൽ ഇരുപത്തി അയ്യായിരത്തോളം വോട്ടുകൾക്ക് ട്വന്റി ട്വന്റി വിജയിക്കും. എറണാകുളം ജില്ലയിൽ നാല് സീറ്റുകൾ ട്വന്റി 20 നേടും. പെരുമ്പാവൂർ, കുന്നത്തുനാട്, തൃക്കാക്കര, തൃപ്പൂണിത്തുറ സീറ്റുകളിൽ വിജയം ഉറപ്പെന്നും സാബു എം ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു.

എറണാകുളത്ത് ആറ് സീറ്റ് വരെ പോകാം. പിറവം, വൈപ്പിന്‍ എന്നിവിടങ്ങളിലും ട്വന്റി 20ക്ക് സാധ്യതയുണ്ട്. ഓരോ വോട്ടുകളും കുന്നത്തുനാട്ടിൽ ഉറപ്പിച്ചിരുന്നു. വോട്ട് വിൽപന നടന്നിട്ടുണ്ടെങ്കിലും വിജയിക്കുമെന്നും പക്ഷേ ഭൂരിപക്ഷം കുറവായിരിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. എൻഡിഎ മുന്നണിയോടുള്ള ആകർഷണമാണ് എറണാകുളത്ത് പോളിംഗ് ശതമാനം വർദ്ധിക്കാൻ കാരണം. ബിജെപി വർഗീയ പാർട്ടി ആണെന്ന കളർ ട്വന്റി 20 വന്നതോടുകൂടി മാറിയെന്ന് സാബു എം ജേക്കബ് പറഞ്ഞു.

Read Also: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം

ട്വന്റി20 ഒരിക്കലും നിയമസഭ കാണരുതെന്ന് ആഗ്രഹിക്കുന്ന രണ്ട് കൂട്ടരാണ് എല്‍ഡിഎഫും യുഡിഎഫും. വോട്ട് കച്ചവടം നടക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നു. അതിനാല്‍ 50 ശതമാനത്തിന് മുകളില്‍ പോകണമെന്ന രീതിയിലാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് സാബു എം ജേക്കബ് പറഞ്ഞു. സ്ഥാനാർത്ഥിയായി നിശ്ചയിച്ചവർക്ക് വോട്ടില്ലെന്ന വിവാദ‌ത്തിലും സാബു പ്രതികരിച്ചു. ചെറിയ പിഴവ് വന്നുവെന്നും പെട്ടെന്ന് തീരുമാനങ്ങൾ എടുത്തപ്പോൾ വന്ന പിശക് ആണെന്നും ‌‌സാബു എം ജേക്കബ് പറഞ്ഞു.

തെറ്റ് ചെയ്തവരാണ് എഫ് സി ആർ എ ഭേദഗതിയെ ഭയക്കുന്നതെന്ന് അദേഹം പറഞ്ഞു. വരുന്ന ഫണ്ട് സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നവരാണ് ഭയക്കുന്നത്. സഭകൾ എതിർക്കുമ്പോൾ എന്തൊക്കെയോ ഒളിക്കാനുണ്ടെന്നാണ് കരുതേണ്ടതെന്ന് സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.

Story Highlights : Sabu M Jacob alleges LDF sells vote to UDF to defeat NDA in Kunnatanadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here