Advertisement

ചന്ദ്രനെ തൊട്ട് തിരികെ; ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി; സ്പ്ലാഷ് ഡൗണ്‍ രാവിലെ 5.37ന്

April 11, 2026
Google News 2 minutes Read
Artemis II crew

അഞ്ച് പതിറ്റാണ്ടിന് ശേഷം ചന്ദ്രന് അരികിലെത്തിയ ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി. ഇന്ന് രാവിലെ 5.37നാണ് സംഘം പസഫിക് സമുദ്രത്തില്‍ സാന്‍ഡിയാഗോ തീരത്തിനടുത്ത് സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. ദൗത്യ സംഘത്തിലെ നാല് പേരെയും പേടകത്തിന് പുറത്തെത്തിച്ചു. എല്ലാവരെയും ലൈഫ് ബോട്ടിലേക്ക് മാറ്റി.(Artemis II crew)

ഏപ്രില്‍ രണ്ടിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.05 -ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയില്‍ നിന്നായിരുന്നു ചാന്ദ്രദൗത്യത്തിന് തുടക്കമായത്. മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സന്‍ എന്നിവരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. ആദ്യ രണ്ടു ദിവസം രണ്ടുവട്ടം ഭൂമിയെ വലംവച്ചശേഷമാണ് ഒറൈണ്‍ പേടകം ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചത്. ഏപ്രില്‍ ആറിന് ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് ആര്‍ട്ടെമിസ് ടു സഞ്ചാരികള്‍ നേടി.

ഏപ്രില്‍ ഏഴിന് ഏഴു മണിക്കൂറോളം നീണ്ട ലൂണാര്‍ ഫ്ളൈബൈയില്‍ ചന്ദ്രന്റെ മറുപകുതിയില്‍ കടന്നതോടെ പ്രതീക്ഷിക്കപ്പെട്ടതുപോലെ, 40 മിനിട്ടു നേരം പേടകവും ഭൂമിയുമായുള്ള ബന്ധം തടസപ്പെട്ടു. അന്നു പുലര്‍ച്ചെ 4.32ന് ചന്ദ്രോപരിതലത്തില്‍ നിന്നും ഏറ്റവും അടുത്തുനില്‍ക്കുന്ന, 6545 കിലോമീറ്ററിലും പേടകം എത്തി. 53 മിനിറ്റ് സമയം നീണ്ടു നിന്ന സൂര്യഗ്രഹണത്തിനും പേടകത്തിലെ സഞ്ചാരികള്‍ സാക്ഷിയായി. ചന്ദ്രനിലെ ഏറ്റവും വലിയ ഗര്‍ത്തമായ ഓറിയന്റലെ ബേസ് അഥവാ ഗ്രാന്‍ഡ് കനെയ്ന്‍ ഇതാദ്യമായി സഞ്ചാരികള്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കണ്ടതും യാത്രയിലെ അപൂര്‍വ അനുഭവമായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരുമായും യാത്രയില്‍ സഞ്ചാരികള്‍ സംസാരിച്ചു. അപൂര്‍വമായ നിരവധി ചിത്രങ്ങളാണ് യാത്രയില്‍ സഞ്ചാരികള്‍ പകര്‍ത്തിയത്.

മനുഷ്യന്റെ വര്‍ഷങ്ങള്‍ നീണ്ട ബഹിരാകാശ ദൗത്യങ്ങളില്‍ വളരെ ചെറിയ കുറച്ച് ദിവസങ്ങള്‍, പത്ത് ദിവസം നീണ്ട യാത്രക്കിടെ വളരെ നിര്‍ണായകമായ ഒട്ടേറെ പരീക്ഷണങ്ങള്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി. ചാന്ദ്ര നിരീക്ഷണം, ഒറൈണ്‍ പേടകത്തിന്റെ ശേഷി പരിശോധിക്കല്‍, ബഹിരാകാശ യാത്രക്കിടെയുള്ള മനുഷ്യരുടെ ആരോഗ്യ സ്ഥിതി, എന്നിവയാണ് പ്രധാനമായും പരീക്ഷണ വിഷയങ്ങളായത്. ചന്ദ്രന്റെ മറുവശത്തുകൂടി സഞ്ചരിക്കുമ്പോള്‍ ഗര്‍ത്തങ്ങളും ലാവാ പ്രവാഹങ്ങളും നിരീക്ഷിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നതായിരുന്നു ദൗത്യത്തിലെ നിര്‍ണായക നിമിഷം. ഏപ്രില്‍ 6ന് ഒറൈണ്‍ പേടകം ചന്ദ്രന്റെ തൊട്ടുമുകളിലൂടെ നടത്തിയ യാത്രയില്‍, ഈ പഠനം സഞ്ചാരികള്‍ നടത്തി.

Read Also: ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മരണത്തിൽ ദുരൂഹതയില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

മുന്‍പ് അപ്പോളോ ദൗത്യങ്ങളില്‍ കാണാത്ത ചന്ദ്രന്റെ ഭാഗങ്ങളെ കുറിച്ച് പഠിക്കാന്‍ ഇത് സഹായകമായി. ബഹിരാകാശത്തെ വികിരണങ്ങള്‍ പേടകത്തിനുള്ളിലും പുറത്തും എത്രത്തോളമുണ്ടെന്നും ദൗത്യത്തിനിടെ നിരീക്ഷിച്ചു. ഭാവിയില്‍ ഒറൈണ്‍ പേടകം കൂടുതല്‍ ദൗത്യത്തിന് ഉപയോഗപ്രദമാണോ എന്ന് പരീക്ഷിക്കാനായിരുന്നു ഈ നീക്കം. റേഡിയോ തരംഗങ്ങള്‍ക്ക് പകരം ലേസര്‍ വെളിച്ചം ഉപയോഗിച്ച് ഭൂമിയിലേക്ക് വിവരങ്ങള്‍ അയക്കുന്ന സംവിധാനം, പേടകത്തിനുള്ളിലെ വായുവും താപനിലയും ക്രമീകരിക്കുന്ന സംവിധാനങ്ങള്‍, മാനുവല്‍ പൈലറ്റിംഗ് എന്നിവയും പത്ത് ദിവസത്തെ യാത്രക്കിടെ പരീക്ഷിച്ചു.

നുഷ്യരിലെ ബയോ മാര്‍ക്കര്‍ പരിശോധന, മനുഷ്യ കോശങ്ങള്‍ അടങ്ങിയ ചെറിയ ചിപ്പുകള്‍ പേടകത്തില്‍ അയച്ച്, അവയിലെ റേഡിയേഷന്‍ നില പരിശോധിക്കുന്ന ഓര്‍ഗണ്‍ ഓണ്‍ ചിപ്പ്. അങ്ങനെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന ഒട്ടനവധ പരീക്ഷണങ്ങളാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ പൂര്‍ത്തീകരിച്ചത്. ക്ഷീരപഥത്തിലെ വിസ്മയങ്ങള്‍ തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്കും അവന്റെ അടങ്ങാത്ത സ്വപ്നങ്ങള്‍ക്കും ചിറക് നല്‍കുകയാണ് ആര്‍ട്ടെമിസ് 2 ദൗത്യവും അതിലെ 4 സഞ്ചാരികളും.

Story Highlights : Artemis II crew splash down in Pacific Ocean 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here