കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; എം വി ഗോവിന്ദനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പൊലീസിൽ പരാതി. മന്ത്രി വി ശിവൻകുട്ടി, എ റഹീം എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും വിവാഹം നടത്തി എന്നാണ് പരാതി. പോക്‌സോ വകുപ്പുകൾ ഉൾപ്പടെ ചേർത്ത് ഇവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുണ്ട്. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദ് ആണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ മാസം 11നാണ് എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തായിരുന്നു പെൺകുട്ടിയുടെ വിവാഹം . പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് അന്നുതന്നെ വിവാദമുയർന്നിരുന്നു. എന്നാൽ വിവാഹത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ, കേരള സ്റ്റോറി എന്ന് അവകാശപ്പെട്ട സിപിഐഎം പ്രതിരോധത്തിലായി. ഹാജരാക്കിയ രേഖകൾ പരിശോധിച്ചാണ് വിവാഹം നടത്തിയത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു.
അതേസമയം, ദേശീയ പട്ടികവർഗ കമ്മീഷന്റെ മേൽനോട്ടത്തിലാണ് നിലവിൽ പോലീസ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടിയും വിവാഹം കഴിച്ച യുവാവും എവിടെയെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല. വ്യാജ ജനനസർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിവാഹം നടത്തിയത് എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കേരളത്തിലും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : Kumbh Mela viral star’s marriage; Youth Congress files police complaint against MV Govindan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




