Advertisement

ട്രംപിന്‍റെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാന്‍റെ തിരിച്ചടി, ഹോർമുസിലൂടെ ചരക്ക് നീക്കം വേഗത്തിലാക്കി ഇറാൻ, രണ്ട് എണ്ണ ടാങ്കറുകൾ ​പുറത്തുകടന്നു

April 13, 2026
Google News 1 minute Read

ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കാനിരിക്കെ ഹോർമുസിലൂടെ ചരക്ക് നീക്കം വേഗത്തിലാക്കി ഇറാൻ. ഇറാന്റെ രണ്ട് എണ്ണ ടാങ്കറുകൾ ​ഗൾഫിൽ നിന്ന് ഹോർമുസ് വഴി പുറത്തുകടന്നു. ന്യൂ ഫ്യൂച്ചർ, ഓറോറ എന്നീ എണ്ണ ടാങ്കറുകളാണ് ഹോർമുസ് കടന്നത്. ഇന്ത്യൻ സമയം രാത്രി 7.30നാണ് ട്രംപ് പ്രഖ്യാപിച്ച ഹോർമുസ് ഉപരോധം ആരംഭിക്കുന്നത്.

അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നത് പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറന്നേക്കുമെന്ന ഭീതി വർദ്ധിപ്പിക്കുന്നു. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഈ നിലപാട് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

അതിനിടെ ഇറാനും അമേരിക്കയ്ക്കും ഇടയിലെ സംഘർഷത്തിൽ സമാധാനം സാധ്യമാക്കാനായി മധ്യസ്ഥത വഹിക്കാമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ വ്യക്തമാക്കി. മധ്യസ്ഥ റോളിലേക്ക് ഒരു വൻശക്തിയെത്തുന്നത് യുദ്ധ സാഹചര്യം ഒഴിവാക്കാൻ സഹായകമായേക്കുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യു എന്നിലുൾപ്പടെ അരയും തലയും മുറുക്കി നിന്ന റഷ്യയാണ് പ്രശ്നപരിഹാരത്തിന് ഇടപെടാമെന്ന വാഗ്ദാനം ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്.

Story Highlights : Iran speeds up cargo movement through Hormuz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here