‘യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും, സമാധാനമാണ് വേണ്ടത്’; ട്രംപിന് പോപ്പിന്റെ മറുപടി
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് പോപ്പിന്റെ മറുപടി. യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് പോപ്പ് ലിയോ പതിനാലാമൻ പറഞ്ഞു. സമാധാനവും ചർച്ചകളുമാണ് വേണ്ടത്. താൻ ഒരു രാഷ്ട്രീയക്കാരനല്ല. ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധികൾ കൊല്ലപ്പെടുന്നു, ആരെങ്കിലും ഇതിനെതിരെ ശബ്ദമുയർത്തണമെന്ന് ലിയോ പതിനാലാമൻ ആവശ്യപ്പെട്ടിരുന്നു.
പോപ്പ് ലിയോ ശനിയാഴ്ച സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ വിശ്വാസികളോട് സംസാരിക്കവെ അക്രമം അവസാനിപ്പിക്കാൻ ലോക നേതാക്കളോട് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. “മതി, അവനവന്‍റെയും പണത്തിന്‍റെയും വിഗ്രഹാരാധന! മതി, അധികാരപ്രകടനം! മതി, യുദ്ധം!” എന്നായിരുന്നു പോപ്പിന്‍റെ വാക്കുകൾ.
പോപ്പ് ലിയോ ആഗോള സമാധാനത്തിനായുള്ള അഭ്യർത്ഥന നടത്തിയതിന് പിന്നാലെയാണ് പോപ്പിനെ തള്ളി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. താൻ പോപ്പ് ലിയോയുടെ വലിയ ആരാധനകനല്ലെന്നായിരുന്നു ട്രംപിന്‍റെ പ്രസ്ഥാവന.
മേരിലാൻഡിലെ ജോയിന്‍റ് ബേസ് ആൻഡ്രൂസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ്, പോപ്പ് ലിയോയെ തള്ളിയത്. പോപ്പ് വളരെ ലിബറലായ വ്യക്തിയാണെന്നും അദ്ദേഹം കുറ്റകൃത്യങ്ങൾ തടയുന്നതിൽ വിശ്വസിക്കാത്ത ആളാണെന്നും ട്രംപ് അവകാശപ്പെട്ടു. ഒപ്പം പോപ്പ് ആണവായുധം ആഗ്രഹിക്കുന്ന ഒരു രാജ്യവുമായി കളിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ തന്‍റെ ട്രൂത്ത് സോഷ്യലിലൂടെ “ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട” എന്ന് ട്രംപ് കുറിച്ചു.
Story Highlights : pope leo xiv reply on donald trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




