ചർച്ചയിൽ തർക്ക പരിഹാരം; പേട്രിയറ്റിന് ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി
മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന്, ഫിയോക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. നിർമ്മാതാവ് ആന്റോ ജോസഫും നിർമ്മാതാക്കളുടെ സംഘടനാപ്രതിനിധികളും ഫിയോക്കുമായി നടന്ന ചർച്ചയിലാണ് തർക്ക പരിഹാരമായത്. തിയറ്ററിൽനിന്നുള്ള സിനിമയുടെ കലക്ഷന്റെ നിർമാണ-വിതരണ വിഹിതം നിർമാതാവ് കൂട്ടിചോദിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. മേയ് 1ന് റിലീസ് ചെയ്യുന്ന ചിത്രം പരമാവധി തിയറ്ററുകളിൽ പ്രദർശിപ്പിക്കാനും തീരുമാനമായി.
ചിത്രം റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ ലാഭവിഹിതം 60:40 എന്ന നിലയിലാണ്. 60 ശതമാനം നിർമാതാവിനും 40 ശതമാനം തിയറ്റർ ഉടമകൾക്കുമാണ്. രണ്ടാമത്തെ ആഴ്ച 55:45 എന്ന ശതമാനത്തിലേക്കും എത്തും. ഇങ്ങനെയാണ് സാധാരണ കരാർ. എന്നാൽ പേട്രിയറ്റിന് ആദ്യ രണ്ട് ആഴ്ച 60:40 എന്ന രീതിയിൽ ലാഭവിഹിതം വേണമെന്ന് നിർമാതാക്കൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സിനിമയുടെ റിലീസ് അനിശ്ചിതാവസ്ഥയിലേക്ക് എത്തിയത്.
ആദ്യരണ്ടാഴ്ചയും 60% എന്ന കണക്കിൽ ചിത്രം പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾക്ക് വലിയ നഷ്ടമുണ്ടാകുമെന്നാണ് സംഘടനയുടെ വാദം.18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്.
Story Highlights : feuok ban on Patriot lifted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




