Advertisement

നിതിന്‍ രാജിന്റെ മരണം; ‘അത്യന്തം വേദനയുണ്ടാക്കുന്നത്; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പം’; മുഖ്യമന്ത്രി

April 14, 2026
Google News 2 minutes Read
PINARAYI

കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം അത്യന്തം വേദനയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത വാര്‍ത്തകളാണ് മരണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. വിദ്യാര്‍ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് നിതിന്‍ രാജിനെ കുറിച്ചും പരാമര്‍ശമുള്ളത്. ജാതീയമായ വേര്‍തിരിവുകള്‍ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച മഹാനാണ് അംബേദ്കര്‍. ജാതിവ്യവസ്ഥക്കെതിരെ അദ്ദേഹം നടത്തിയ നിര്‍ഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ് – മുഖ്യമന്ത്രി കുറിച്ചു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ കടുത്ത ജാതീയത തലപൊക്കുന്ന ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് നടുവിലാണ് നാമിന്നുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു സമൂഹമെന്ന നിലയില്‍ കേരളം ആര്‍ജിച്ച മൂല്യങ്ങള്‍ കൈമോശം വന്നോ എന്നു പരിശോധിക്കേണ്ട ഘട്ടമാണിത്. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണ്. പുരോഗമന കേരളത്തിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത വാര്‍ത്തകളാണ് തിരുവനന്തപുരം ഉഴമലക്കല്‍ സ്വദേശി നിതിന്‍ രാജിന്റെ മരണത്തെ തുടര്‍ന്ന് പുറത്തു വരുന്നത്. മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ് അത്. കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണ് – അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പസുകളിലെ ജാതീയ വിവേചനങ്ങള്‍ നിയമംമൂലം അവസാനിപ്പിക്കാന്‍ രോഹിത് വെമുല ആക്റ്റ് നടപ്പിലാക്കണമെന്ന ദീര്‍ഘകാല ആവശ്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പകരം കൊണ്ടുവന്ന യുജിസി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി മരവിപ്പിച്ചിരിക്കുകയുമാണ്. ജാതിവിവേചനമുള്‍പ്പെടെയുള്ള വിഭജനവും വിദ്വേഷവും വളര്‍ത്തുന്ന പ്രവണതകള്‍ക്കെതിരെ നാം ഒരുമിച്ച് നിലകൊള്ളേണ്ട സമയം കൂടിയാണിത്. സമത്വത്തിലും സാമൂഹ്യ നീതിയിലുമധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അംബേദ്കറിന്റെ ആശയങ്ങളും ഓര്‍മ്മകളും നമുക്ക് ശക്തി പകരട്ടെ. എല്ലാവര്‍ക്കും അംബേദ്കര്‍ ജയന്തി ആശംസകള്‍ – മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : Pinarayi Vijayan on Nithin Raj’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here