തെക്കൻ ലെബനോണിൽ വെടിനിർത്തലിന് വിസമ്മതിച്ച് ഇസ്രയേൽ; കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനം
തെക്കൻ ലെബനോണിൽ വെടിനിർത്തലിന് വിസമ്മതിച്ച് ഇസ്രയേൽ. ഇരു രാജ്യങ്ങളും കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ചർച്ചയ്ക്കുള്ള സമയവും സ്ഥലവും ഇരുരാജ്യങ്ങളും പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കും. അതേസമയം സ്ഥിരം വെടിനിർത്തലിന് ഇറാനുമായുള്ള രണ്ടാംവട്ട ചർച്ചയ്ക്കും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നേതൃത്വം നൽകും. രണ്ട് ദിവസത്തിനുള്ളിൽ ചർച്ച നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
അടുത്തയാഴ്ച വെടിനിർത്തൽ കരാർ അവസാനിക്കുന്നതിനു മുമ്പായി ചർച്ച നടക്കുമെന്ന് റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും യുറേനിയം സമ്പുഷ്ടീകരണത്തിന്റെ കാര്യത്തിൽ ധാരണയായിട്ടുണ്ടെങ്കിലും എത്രകാലത്തേക്ക് സമ്പുഷ്ടീകരണം നടത്തില്ലെന്ന കാര്യത്തിലാണ് തർക്കം. ഇറാൻ അഞ്ചുവർഷത്തെ സമയപരിധി പറയുമ്പോൾ അമേരിക്ക 20 വർഷക്കാലത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കണമെന്നും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകൾ നശിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഇറാനിയൻ തുറമുഖങ്ങളിലൂടെ ഒരു കപ്പലും കടന്നുപോയിട്ടില്ലെന്ന് അമേരിക്കൻ സൈന്യം. അമേരിക്കയുടെ നിർദ്ദേശം പാലിച്ച് ആറ് ചരക്കുകപ്പലുകൾ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തന്നെ മടങ്ങിയെന്നും യു എസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
Story Highlights : Israel refuses ceasefire in southern Lebanon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




