Advertisement

ആശ്വാസം! കേരളത്തിൽ കറന്റ് ബില്ല് കൂടില്ല, പവർക്കട്ടും ഉണ്ടാകില്ല; വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

April 15, 2026
Google News 2 minutes Read
KRISHNANKUTTY

സംസ്ഥാനത്തെ റെക്കോർഡ് വൈദ്യുതി ഉപയോഗത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർകട്ട് വരില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. എങ്കിലും കറന്റ് ബില്ല് കൂടില്ല. അടിയന്തര അവലോകന യോഗം നാളെ ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ എത്തി.ഇന്നലെ ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്.

ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന് KSEB അറിയിച്ചു. ചൂട് വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുനിന്ന് വൻതോതിൽ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അധികമായി വാങ്ങുന്ന ഈ വൈദ്യുതിയുടെ ചെലവ് വരും മാസങ്ങളിലെ ഇന്ധന സർചാർജിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

വൈദ്യുതി വിതരണത്തിൽ തടസങ്ങൾ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. വൈകുന്നേരം ആറ് മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണം. ഈ സമയത്ത് അനാവശ്യമായ ലൈറ്റുകൾ അണയ്ക്കാനും, മോട്ടോർ, വാഷിങ് മെഷീൻ തുടങ്ങിയ വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.

Story Highlights : k krishnankutty says no power crisis in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here