Advertisement

കെ.സിയ്ക്കായി കെ. എസ്; കേരളത്തില്‍ ശക്തമായ ദിശാബോധം നല്‍കാന്‍ കെ സി വേണുഗോപാലിനാകുമെന്ന് പ്രശംസിച്ച് നീണ്ട പോസ്റ്റുമായി കെ സുധാകരന്‍

April 15, 2026
Google News 3 minutes Read
k sudhakaran praises kc venugopal in an fb post

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കെ സുധാകരന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ടത് കെ സി വേണുഗോപാലിന്റെ സംഘടനാ മികവാണെന്നാണ് കെ സുധാകരന്റെ പ്രശംസ. കെ സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തില്‍ സജീവമമാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് യുഡിഎഫ് വിജയിച്ചാല്‍ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. (k sudhakaran praises kc venugopal in an fb post)

കേരളത്തിന് ശക്തമായ ദിശാബോധം നല്‍കാന്‍ കെ സി വേണുഗോപാലിന് സാധിക്കുമെന്നാണ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും കെ സി കേരളത്തിലെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. മികച്ച സംഘാടകനും ശക്തനായ നേതാവുമാണ് അദ്ദേഹം. പാര്‍ട്ടി വിജയത്തിന് പിന്നിലെ പ്രേരക ശക്തി കെ സിയാണെന്നും തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ‘ഇറാന് ആയുധങ്ങള്‍ നല്‍കില്ലെന്ന് ചൈന ഉറപ്പുനല്‍കി, ഹോര്‍മുസ് തുറക്കുന്നതില്‍ ചൈനയ്ക്ക് സന്തോഷമുണ്ട്’; കടലിടുക്ക് തുറക്കുമെന്ന് സൂചന നല്‍കി ട്രംപ്

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു. കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവർത്തകരെ ഉണർത്തിയും, എല്ലാ സ്ഥാനാർത്ഥികൾക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്.
ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വമാണ്. ലീഡർ ശ്രീ. കെ. കരുണാകരൻ, ശ്രീ എ.കെ ആന്റണി, ശ്രീ. ഉമ്മൻചാണ്ടി, ശ്രീ വയലാർജി തുടങ്ങി…
സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ.സി.യ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണ്.
ഒരു നേതാവിന്റെ മഹത്വം പദവികളിൽ അല്ല, അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകൾക്ക് മറുപടി നൽകാനും കഴിയൂ.
പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ്
കെ. സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്.
നേതാവെന്ന നിലയിൽ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവർത്തകരുടെ ഇടയിൽ നിലകൊള്ളാൻ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.
അത്തരം നേതാക്കൾ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവർത്തന ശൈലിയും, ആത്മാർത്ഥതയും തന്നെയാണ് ഭാവിയെ നിർണ്ണയിക്കുന്നത്.
കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവർത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാലൻ ഉയരട്ടെ!
ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ…

Story Highlights : k sudhakaran praises kc venugopal in an fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here