‘കേന്ദ്ര ഏജന്‍സികള്‍ എന്റെ കാര്‍ പരിശോധിക്കാന്‍ ശ്രമിച്ചു, ഇങ്ങനെയൊന്നും വിരട്ടണ്ട’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടേയും കുടുംബാംഗങ്ങളുടേയും വാഹനം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണങ്ങള്‍ക്കിടെ തന്റെ കാര്‍ കേന്ദ്ര ഏജന്‍സികള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചതായി ആരോപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലേക്ക് പോകുംവഴി വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചെന്നാണ് മമത പറയുന്നത്. ഇതൊന്നും കാണിച്ച് തന്നെയും തൃണമൂല്‍ കോണ്‍ഗ്രസിനേയും വിരട്ടാന്‍ നോക്കേണ്ടെന്ന് മമത പറഞ്ഞു. (Mamata alleges central forces tried to check her car)
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ടവോട്ടെടുപ്പിന് ഒമ്പത് നാള്‍ ശേഷിക്കെയാണ് മമതയുടെ ആരോപണം. കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രചാരണം. ഡല്‍ഹിയില്‍ നിന്ന് അമിത് ഷാ വരുന്നത് ഇ.ഡിയെയും സി.ബി.ഐയെയും കൂട്ടുപിടിച്ചാണെന്ന് മമത പരിഹസിച്ചു. അര്‍ദ്ധരാത്രിയില്‍ പരിശോധനകള്‍ നടത്തി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും പോരാട്ടം തുടരുമെന്നും മമത പറഞ്ഞു.
അതേസമയം പശ്ചിമ ബംഗാളിന്റെ വിവിധ ഇടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷം തുടരുകയാണ്. കൊല്‍ക്കത്തയില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. മമതയുടെ മണ്ഡലമായ ഭവാനിപൂരിലും സംഘര്‍ഷമുണ്ടായി. ക്രമസമാധാന നില ഉറപ്പാക്കാന്‍ സുരക്ഷാ സേനയ്ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ബിജെപിയുടെ വമ്പന്‍ നിരയാണ് പ്രചരണത്തിനായി ബംഗാളില്‍ അണിനിരക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, അനുരാഗ് സിങ് താക്കൂര്‍ എന്നിവരാണ് പ്രചാരണ റാലികളില്‍ പങ്കെടുത്തത്.
Story Highlights : Mamata alleges central forces tried to check her car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




