Advertisement

മുഖ്യമന്ത്രി കസേരയ്ക്കായി ചർച്ചകൾ മുറുകുന്നു; കോൺഗ്രസിൽ അസ്വസ്ഥത

April 16, 2026
Google News 3 minutes Read
congress

തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് മുഖ്യമന്ത്രി ആരാണെന്ന ചർച്ചകളിൽ കോൺഗ്രസിൽ അസ്വസ്ഥത പടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിക്കുന്നവർ സൈബറിടത്തിൽ ഏറ്റുമുട്ടുകയാണ്. കെ.സി.വേണുഗോപാലിനെ
പ്രശംസിച്ച് പോസ്റ്റിട്ട കെ.സുധാകരനെതിരെ കെ പി സി സി അധ്യക്ഷൻ സണ്ണിജോസഫ് രംഗത്തെത്തി. കോൺഗ്രസിലെ പരസ്യ ചർച്ചകളിൽ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്.

വോട്ടെടുപ്പ് കഴിഞ്ഞതിൻെറ തൊട്ടടുത്ത ദിവസം മുതൽ മുഖ്യമന്ത്രിയാരാകണമെന്ന ചർച്ചകൾ കോൺഗ്രസിൽ സജീവമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻെറ വിശ്വസ്തനായ ഏറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിൻെറ പ്രതികരണമാണ് മുഖ്യമന്ത്രി ചർച്ചകൾക്ക് തുടക്കമിട്ടത്. എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി വേണമെന്ന ഷിയാസിൻെറ പരാമർശം എതിർ വിഭാഗങ്ങളിൽ സംശയം ജനിപ്പിച്ചു. ഇതിന് പിന്നാലെ ഒരു വാർത്താ ചാനലിൽ കെ.സി.വേണു ഗോപാലിന് എതിരായ പരാമർശം കൂടി വന്നതോടെ കൃത്യമായ ആസൂത്രണം സംശയിച്ച സതീശൻ വിരുദ്ധവിഭാഗം പ്രത്യാക്രമണം തുടങ്ങി. ഇന്നലെ കെസി വേണുഗോപാലിനെ പിന്തുണച്ച് കെ.സുധാകരൻ പോസ്റ്റിട്ടതോടെ അത്പ്രകടമായി. പോസ്റ്റിന് താഴെ സതീശൻ അനുകൂലികളും സുധാകരൻ അനുകൂലികളും ഏറ്റുമുട്ടിയതോടെ ചർച്ച പരിധിവിട്ടു. ഇതോടെ ഇടപെടാൻ നേതൃത്വം നിർബന്ധിതമായി.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേച്ചൊല്ലി നടക്കുന്ന ചർച്ചകളിൽ പങ്കുചേരാൻ കെ.സി.വേണുഗോപാൽ വിസമ്മതിച്ചു.പാർട്ടിക്കൊരുനേതൃത്വം ഉണ്ടെന്നും അവർ തീരുമാനം എടുക്കുമെന്നും കെ.സി പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിക്കണമെന്ന് കേരളത്തിൻെറചുമതലയുളള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Story Highlights : Congress is uneasy over the discussions on who will be the Chief Minister before the election results are out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here