‘മ്മക്ക് റിയല്‍ ഒജി ജയകൃഷ്ണനുമായി ഒരു മീറ്റിങ് അങ്ങട് കാച്ച്യാലോ?’; സിനിമയിലെ മണ്ണാറത്തൊടി ജയകൃഷ്ണന്‍ ആദ്യമായി യഥാര്‍ഥ കഥാപാത്രത്തെ കണ്ടപ്പോള്‍…
ഇറങ്ങിയ സമയത്ത് മലയാളി ഏറ്റെടുക്കാന്‍ മടിക്കുകയും പിന്നീടങ്ങോട്ട് മലയാള ഗൃഹാതുരതയുടെ ഭാഗമായി അടയാളപ്പെടുകയും ചെയ്യുന്ന പത്മരാജന്‍ സിനിമയാണ് തൂവാനത്തുമ്പികള്‍. ജയകൃഷ്ണന്‍, ക്ലാര, രാധ എന്നിവരിലൂടെ സങ്കീര്‍ണ മനുഷ്യബന്ധങ്ങളുടെ സൗന്ദര്യവും സാഹസികതയും ഒരു കവിത പോലെ വരച്ചിടുന്ന ഈ ചിത്രത്തിന് പല തലമുറകളിലായി ലക്ഷക്കണക്കിന് ഫാന്‍സാണുള്ളത്. കുസൃതിയും മാടമ്പിത്തരവും ചെറിയ വാശികളും റൊമാന്‍സും നിഷ്‌കളങ്കതയും ചേര്‍ന്ന ജയകൃഷ്ണനായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ ജീവിക്കുകയായിരുന്നു. എന്നാല്‍ സ്‌ക്രീനിലെ ജയകൃഷ്ണനെ പത്മരാജന്‍ മെനഞ്ഞെടുത്തത് കാരിക്കത്ത് ഉണ്ണിമേനോന്‍ എന്ന തന്റെ സുഹൃത്തിന്റെ ചില അംശങ്ങളുപയോഗിച്ചാണ്. തൃശ്ശൂര്‍ പൂത്തോളില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ‘ ഒജി ജയകൃഷ്ണനും’ റീലിലെ ജയകൃഷ്ണനായ മോഹന്‍ലാലും തമ്മില്‍ ഒരു കൂടിക്കാഴ്ചയുണ്ടാകാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവരിരുവരും ആദ്യമായി കണ്ടപ്പോള്‍ സിനിമയുടെ ആരാധകര്‍ക്കും ലഭിച്ചത് ചില അപൂര്‍വ സുന്ദര നിമിഷങ്ങളാണ്. (mohanlal meets real life mannarathodi jayakrishnan in thoovanathumbikal)
പപ്പപ്പ യൂട്യൂബ് ചാനലിനുവേണ്ടിയാണ് വെള്ളിത്തിരയിലെ ജയകൃഷ്ണനും ജീവിതത്തിലെ ജയകൃഷ്ണനും ആദ്യമായി നേരില്‍ക്കണ്ടത്. കഥയാത്ര എന്നുപേരിട്ട ഡോക്യുഫിക്ഷനില്‍ മോഹന്‍ലാല്‍ തന്നെ പറയുംപോലെ റിയലും റീലുമായ ഒരനുഭവം. മാധ്യമപ്രവര്‍ത്തകനും പപ്പപ്പ എഡിറ്റര്‍ ഇന്‍ ചീഫുമായ ശരത്കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച കഥയാത്ര മോഹന്‍ലാലിലേക്കുള്ള ഉണ്ണിമേനോന്റെയും ഉണ്ണിമേനോനിലേക്കുള്ള മോഹന്‍ലാലിന്റെയും യാത്രയാണ്.
അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇതിന്റെ പ്രധാനഭാഗം ഇരുവരും തമ്മിലുള്ള സംഭാഷണമാണ്. ആരാണ് ഈ ക്ലാര എന്ന് മോഹന്‍ലാല്‍ കുസൃതിയോടെ ഉണ്ണിമേനോനോട് ചോദിക്കുമ്പോള്‍ ആ മുഖത്ത് വിരിയുന്നൊരു ചിരിയുണ്ട്. അതുപോലെ ഒട്ടനേകം ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് കഥയാത്രയുടെ ഭംഗി. ജിജോ ജോസഫ്(ക്രിയേറ്റീവ് ഡയറക്ടര്‍), മില്‍ട്ടണ്‍ പി.ടി. (ഛായാഗ്രഹണം), ജോണ്‍കുട്ടി(എഡിറ്റിങ്),സൂരജ് എസ്.കുറുപ്പ്(സംഗീതം) തുടങ്ങി ദൃശ്യമാധ്യരംഗത്തെയും സിനിമാമേഖലയിലെയും പ്രമുഖരാണ് ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്.
Story Highlights : mohanlal meets real life mannarathodi jayakrishnan in thoovanathumbikal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




