Advertisement

നിതിൻ രാജിന്റെ മരണത്തിൽ പങ്കില്ല; മുൻ‌കൂർ ജാമ്യപേക്ഷയുമായി പ്രതികളായ അധ്യാപകർ

April 17, 2026
Google News 2 minutes Read
nithin raj

അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റാരോപിതരായ അധ്യാപകർ ഡോ. റാമും, ഡോ. സംഗീത നമ്പ്യാരും മുൻകൂർ ജാമ്യാപേക്ഷ നൽകി. ആത്മഹത്യയിൽ തങ്ങൾക്ക് പങ്കില്ലെന്നും ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയാകാം നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ അധ്യാപകറുടെ വാദം.

​ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയ അധ്യാപകർ വെവ്വേറെ അഭിഭാഷകർ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സംഭവം നടന്ന ഏപ്രിൽ 10ന് രാവിലെ മുതൽ ഉച്ചയ്ക്ക് 12 മണി വരെ പ്രിൻസിപ്പലിന്റെ ചേംബറിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഈ സമയം താൻ അവിടെ ഉണ്ടായിരുന്നില്ല എന്നാണ് ഡോ. റാമിന്റെ വാദം. അധ്യാപികയായ ഡോ. ലത ശശിധരന്റെ നമ്പർ ലോൺ ആപ്പുകാർക്ക് നൽകിയത് നിതിൻ ആയിരുന്നു. ഇതിന് പിന്നാലെ അധ്യാപികയ്ക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും കോളുകളും ലഭിച്ചു. ഇതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിൻസിപ്പലിന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. അധ്യാപിക പരാതി നൽകാൻ ഒരുങ്ങിയതിലുള്ള ഭയമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഡോ. റാമിന്റെ വാദം.

17 വർഷമായി ഇതേ കോളജിലെ അധ്യാപകനാണ് താനെന്നും കർണാടകയിൽ ജനിച്ച് വളർന്ന താനും ഒരു പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളാണെന്നും അദ്ദേഹം അപേക്ഷയിൽ പറയുന്നു. നിതിനെ അവസാനമായി കണ്ടത് മാർച്ച് മാസത്തിലാണെന്നും മരണത്തിൽ പങ്കില്ലെന്നും ഡോ റാം പറയുന്നു. ​സംഭവം നടന്ന ദിവസം താൻ മംഗലാപുരത്തായിരുന്നുവെന്നും വിദ്യാർഥി തന്നോട് സ്നേഹപൂർവ്വമാണ് പെരുമാറിയിരുന്നതെന്നുമാണ് ഡോ. സംഗീതയുടെ വാദം. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഏകപക്ഷീയമായാണ് കേസെടുത്തതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

അതിനിടെ, നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടയ്ക്കാൻ പ്രേരിപ്പിച്ചു എന്ന പരാതിയിൽ ഇൻസ്റ്റാ പേ എന്ന ആപ്പിനെതിരെ ചക്കരക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോഗ്യ സർവകലാശാല അന്വേഷണ സമിതിയുടെ തെളിവെടുപ്പ് കോളജിൽ തുടരുകയാണ്. ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥികളുടെ മൊഴി സമിതി രേഖപ്പെടുത്തി.

​അതേസമയം, നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകരുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് എഐഎസ്എഫ്, ബിഎസ്പി, എസ് എൻഡി പി, ദളിത് ഫെഡറേഷൻ എന്നിവരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എസ്എഫ്ഐക്ക് പിന്നാലെ കെഎസ്യുവും കോളജിൽ യൂണിറ്റ് രൂപീകരിച്ചു.

Story Highlights : Nithin raj murder case; Accused teachers plead for anticipatory bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here