Advertisement

‘സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാം, കൂടെ സജി ചെറിയാൻ്റെയും എച്ച്.സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണം’; ജി സുധാകരൻ

April 18, 2026
Google News 1 minute Read

സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാമെന്ന് കോൺഗ്രസ് നേതാവ് ജി.സുധാകരൻ. ഒപ്പം സജി ചെറിയാൻ്റെയും എച്ച്.സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണം. സമ്പാദ്യങ്ങൾ മകൻ്റെ പേരിൽ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് മൗലിക അവകാശമാണ്.

സജിയെയും സലാമിനെയും നയിക്കുന്നത് ക്രിമിനൽ ഫിലോസഫി. ഭീഷണി, ഭയപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നിവയാണ് ഇവരുടെയും പ്രസ്താവനകളിൽ ഉള്ളത്. ഗുരുതരമായ നിയമ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഓർത്താൽ കൊള്ളാം. അവരുടെ ഭാഷയിൽ ഒരു മറുപടിയും നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്ജി സുധാകരൻ്റെ കുറിപ്പ്.

ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്

ഒരാഴ്ച മുമ്പ് ഏപ്രിൽ 11ന് മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ശ്രീ. സജി ചെറിയാനും, എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ശ്രീ എച്ച് സലാമും എന്നെ ആക്ഷേപിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. രണ്ടുപേരും കൂടിയാലോചിച്ച് അവരുടെ പൊളിറ്റിക്കൽ ക്രിമിനൽ ഫിലോസഫിക്ക് അനുസൃതമായിട്ടാണ് ഒരേ ദിവസം പ്രസ്താവന ഇറക്കിയത്.
സഖാവ് കൃഷ്ണപിള്ള സ്മാരകം തകർക്കാൻ സജി ചെറിയാനോടൊപ്പം ഞാനും ഉണ്ടായിരുന്നു എന്നാണ് പത്രത്തിൽ കണ്ടത്. അതിനർത്ഥം അദ്ദേഹം ഉറപ്പായും അതിനുണ്ടായിരുന്നെന്ന് സ്വയം അവകാശപ്പെടുന്നതാ യി എല്ലാവർക്കും മനസ്സിലാകും. ഞാൻ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും ഉണ്ടാകില്ലെന്നും ഏവർക്കും അറിയാം.
എനിക്ക് എന്റെ എംഎൽഎ പെൻഷനും 10 വർഷ മന്ത്രി ശമ്പളവും ആണ് ചിലവ് കഴിച്ചു സമ്പാദ്യം. എന്റെ ഭാര്യയ്ക്ക് 31 വർഷം കോളേജ് അധ്യാപിക എന്ന നിലയ്ക്ക് സർവീസിൽ യുജിസി ശമ്പളവും പെൻഷനും ഒപ്പം അവർക്ക് ലഭിച്ച ഗ്രാറ്റിവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവയാണ് സമ്പാദ്യം. ഞങ്ങളുടെ സമ്പാദ്യങ്ങൾ മകന്റെ പേരിൽ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ മൗലിക അവകാശമാണ്. സ്വകാര്യത ഭരണഘടനയിലെ മൗലിക അവകാശമാണ് എന്നുകൂടി അറിയിക്കട്ടെ. ഏക മകൻ 19 വർഷമായി പ്രവാസിയാണ്. അതിലുള്ള സമ്പാദ്യം അവനും ഭാര്യക്കും ഉണ്ട്.
മേൽപ്പറഞ്ഞ രണ്ടു ചങ്ങാതികളുടെ സ്വത്തുക്കളെ പറ്റിയും ഞങ്ങളുടെ സ്വത്തുക്കളെ പറ്റിയും അന്വേഷണ ഏജൻസികൾക്ക് അന്വേഷിക്കാവുന്നതാണ്.
മറ്റൊരു ഭീഷണി എനിക്കെതിരെ ഓരോന്നോരോന്നായി ഇറക്കുമെന്നാണ്. തീർന്നില്ല, ഞാൻ പാർട്ടിയിൽ നിന്ന് മാറിയതോടുകൂടി പാർട്ടിയുടെ വലിയൊരു ഭാരം ഒഴിഞ്ഞു എന്നാണ് മറ്റൊന്ന്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ചെറിയാനും, സലാമും കൂട്ടാളികളും നടത്തിയ ക്രിമിനൽ ഗൂഢാലോചനകളും ആക്ഷേപങ്ങളും എന്നെ പാർട്ടിയിൽ നിന്നും പുറത്തു തള്ളാനുള്ള ശ്രമങ്ങൾ ആയിരുന്നു എന്ന് ഇപ്പോൾ ഈ “ഭാരമൊഴിയൽ” പ്രയോഗം വഴി വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ ക്രിമിനൽ കുറ്റങ്ങൾ അവർ ഓരോന്നായി വിളംബരം ചെയ്യുകയാണ്. പാർലമെന്റിലെ തിരിച്ചടി, പഞ്ചായത്തിലെ തിരിച്ചടി, ഇനി നാലാം തീയതി ബാക്കിയുള്ള തിരിച്ചടി.
ഭീഷണി, ഭയപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നിവയാണ് ഇവരുടെ പ്രസ്താവനകളിൽ ഉള്ളത്. നിയമവിരുദ്ധമായി ആളുകളുടെ മൗലിക അവകാശമായ സ്വകാര്യതയിലും ജീവിതത്തിലും ഇടപെട്ടാൽ ഗുരുതരമായ നിയമ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇവർ ഓർത്താൽ കൊള്ളാം. അവരുടെ ഭാഷയിൽ ഒരു മറുപടിയും നൽകാൻ ആഗ്രഹിക്കുന്നില്ല.

Story Highlights : g sudhakaran against saji cherian h salam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here