Advertisement

കൃഷിയിടത്തിൽ അടിമ വേല; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസ് മോചിപ്പിച്ചു

April 18, 2026
Google News 1 minute Read
slave

കർണ്ണാടക ഹാസനിൽ കൃഷിയിടത്തിൽ അടിമ വേല. രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസും റവന്യൂ വകുപ്പും ചേർന്ന് മോചിപ്പിച്ചു. കാസർഗോഡ് പുത്തിഗെ സ്വദേശി ഉദയകുമാറിനെ നാട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറി. തൊഴിലാളികളെയെല്ലാം ഒറ്റ ഷെഡിൽ പാർപ്പിച്ച് കൃത്യമായ ഭക്ഷണവും കുടിവെള്ളവും നൽകാതെ ജോലി ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കൂലി നൽകിയില്ല എന്നും ഉദയകുമാർ പറഞ്ഞു.

കാപ്പിത്തോട്ടത്തിൽ ജോലി. 700 രൂപ ദിവസക്കൂലി. സൗജന്യമായി താമസവും ഭക്ഷണവും. തൊഴിൽ അന്വേഷിച്ച് മംഗളൂരുവിലെത്തിയ ഉദയകുമാറിനെ ഇത്തരം വാഗ്ദാനങ്ങൾ നൽകി മോഹിപ്പിച്ചാണ് മറ്റു നാലുപേർക്കൊപ്പം കർണാടകയിലെ ഹാസൻ ജില്ലയിൽ ചട്ടന ഹള്ളിയിൽ എത്തിച്ചത്. പക്ഷേ അവിടെ ഇഞ്ചിത്തോട്ടത്തിൽ ആയിരുന്നു പണി. ഒഡീഷ, ജാർഖണ്ഡ്, ബീഹാർ തുടങ്ങിയിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉണ്ടായിരുന്നു. അതുവരെ പറഞ്ഞതൊക്കെയും വെറുതെയായിരുന്നുവെന്ന് പിന്നീട് ആണ് മനസ്സിലായത്. ഒറ്റ ഷെഡിൽ 18 തൊഴിലാളികളുടെ താമസം. ഭക്ഷണമോ വെള്ളമോ സമയത്തു ലഭിക്കില്ല. ആരെയും ബന്ധപ്പെടാൻ പോലും ആകാത്ത സാഹചര്യമായിരുന്നു എന്ന് ഉദയകുമാർ പറഞ്ഞു.

ചട്ടനഹള്ളിയിലെ തൊഴിലിടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാളുടെ മാതാവ് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് ഈ തൊഴിൽ പീഡന വിവരം പുറംലോകം അറിയുന്നത്. പൊലീസും റവന്യൂ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ നിരവധി തൊഴിലാളികളെ നിയമവിരുദ്ധമായി തടവിലാക്കിയിട്ടുണ്ടെന്നും വേതനമില്ലാതെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്നും വിവരം ലഭിച്ചു. പിന്നീടാണ് 18 തൊഴിലാളികളെയും ഒരു മാസം മുൻപ് മോചിപ്പിച്ചത്. തുടർന്ന് അവിടെ ഒരു ഷെൽട്ടർ ഹോമിൽ പാർപ്പിച്ച ശേഷമാണ് തൊഴിലാളികളെ അവരവരുടെ നാടുകളിൽ എത്തിച്ചത്. ഹാസനിലെ പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർമാരാണ് ഉദയകുമാറിനെയും കൂട്ടി കാസർഗോട്ടെത്തിയത്. കളക്ടറേറ്റിൽ എത്തി നടപടിക്രമങ്ങൾക്ക് ശേഷം ഉദയകുമാറിനെ ബന്ധുക്കൾക്ക് കൈമാറി. കൊല്ലം സ്വദേശിയായ അനിൽകുമാറും രക്ഷപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് ഉദയകുമാർ പറഞ്ഞു.

Story Highlights : Slave labor on a farm in Karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here