‘വയനാട് ടൗണ്‍ഷിപ്പിലെ വീടുകള്‍ ഏപ്രില്‍ 30-ന് സര്‍ക്കാരിന് കൈമാറും; വിള്ളല്‍ ഗുണനിലവാര പ്രശ്‌നമല്ല’; ഊരാളുങ്കല്‍ സിഒഒ
വയനാട് ടൗണ്‍ഷിപ്പിലെ വീടുകള്‍ ഏപ്രില്‍ 30-ന് സര്‍ക്കാരിന് കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അരുണ്‍ ബാബു. ടൗണ്‍ഷിപ്പില്‍ 102 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ബാക്കി വീടുകള്‍ 28-നകം പൂര്‍ത്തിയാക്കുമെന്നും അരുണ്‍ ബാബു പറഞ്ഞു. വീടുകളിലെ വിള്ളല്‍ ഗുണനിലവാര പ്രശ്‌നമല്ല, താപനിലയിലെ വ്യത്യാസം മൂലമാണ് വിള്ളല്‍ രൂപപ്പെട്ടതെന്നും അരുണ്‍ ബാബു പറഞ്ഞു.
മറ്റ് വീടുകളിലൊന്നും വിള്ളലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അരുണ്‍ ബാബു ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷത്തെ പൂര്‍ണ്ണ ഉത്തരവാദിത്തം സൊസൈറ്റി വഹിക്കും. സര്‍ക്കാരിന് കൈമാറിയ ശേഷവും ടൗണ്‍ഷിപ്പില്‍ സൊസൈറ്റിയുടെ പ്രത്യേക വിങ് പ്രവര്‍ത്തിക്കും. അറ്റകുറ്റപ്പണികള്‍ക്കായി അഞ്ചുവര്‍ഷം സൊസൈറ്റിയുടെ സേവനം ലഭ്യമാകും – അദ്ദേഹം പറഞ്ഞു.
Read Also: വിരുദുനഗര്‍ പടക്ക നിര്‍മാണശാലയിലെ സ്ഫോടനം; മരണം 22 ആയി; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
അതേസമയം, ടൗണ്‍ഷിപ്പിലെ വീട്ടില്‍ ചോര്‍ച്ചയെന്ന ആരോപണത്തില്‍ രാഷ്ട്രീയപ്പോര് കനക്കുകയാണ്. ചോര്‍ച്ച പരിശോധിച്ച റവന്യുമന്ത്രി കെ രാജന്റെ നടപടി നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി കല്ലിട്ട വീടുകള്‍ എവിടെയെന്നാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ പരിഹാസം.
വിള്ളലുള്ള വീട്ടില്‍ താമസിക്കുന്ന ദുരന്തബാധിതന്‍ കോണ്‍ഗ്രസുകാരനെന്നാണ് ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച ശേഷം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭവനപദ്ധതി എവിടെയെത്തിയെന്ന് പറഞ്ഞിട്ട് മതി വിള്ളല്‍ പൊറാട്ട് നാടകമെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. അതിനിടെ, വീട് നിര്‍മാണത്തിനായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയിലേക്ക് ഡിവൈഎഫ്‌ഐ ദിശ കാണിക്കുന്ന ബാനര്‍ സ്ഥാപിച്ചു.
Story Highlights : Houses in Wayanad Township will be handed over to the government on April 30th; ULCCS LTD
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




