‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി
അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ കയ്‌പേറിയ തോൽവികൾ ഉണ്ടാകുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാൻ സ്റ്റേറ്റ് ടിവിയിലൂടെയാണ് മുജത്ബയുടെ പ്രസ്താവന. ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് പരമോന്നത നേതാവിന്റെ പ്രസ്താവന.
അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കാതെ, ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കാനിരുന്ന രണ്ടാം ഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായത്. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കിയശേഷം മാത്രമേ ചർച്ചയുള്ളുവെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്‌സാദെ പ്രതികരിച്ചു.
സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്നും ഇറാൻ വ്യക്തമാക്കി.
അതിനിടെ, ഇറാനെ സാമ്പത്തികമായി തകർക്കുന്നതിന്റെ ഭാഗമായി ഇറാന്റെ കപ്പലുകൾ പുറംകടലിൽ പിടിച്ചെടുക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി ദ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ലെബനോണിൽ ഹിസ്ബുല്ല ആക്രമണത്തിൽ യു എൻ സമാധാനസേനയിലെ ഫ്രഞ്ച് സൈനികൻ കൊല്ലപ്പെടുകയും മൂന്നു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനോണിൽ ഗസയിലേതെന്ന പോലെ, പ്രദേശങ്ങൾ വേർതിരിച്ച് യെല്ലോ ലൈൻ സ്ഥാപിച്ച് ഇസ്രയേൽ ആധിപത്യം പൂർണമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
ഏകപക്ഷീയമായ വെടിനിർത്തൽ ലെബനോണിന് അപമാനകരമെന്നും വെടിനിർത്തൽ പാലിക്കില്ലെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറൽ നയിം ഖാസിം പ്രസ്താവിച്ചത് ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. ഇറാൻ-അമേരിക്ക വെടിനിർത്തൽ ഈ മാസം 22ന് അവസാനിക്കുമെന്നിരിക്കെ, യുദ്ധം പുനരാരംഭിക്കുമോ എന്ന ആശങ്കയിലാണ് ലോകം.
Story Highlights : Mojtaba Khamenei warns Iran’s navy ready to defeat US forces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




