നെട്ടയത്തെ സംഘര്‍ഷം; ആറ് ബിജെപി പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍
തിരുവനന്തപുരം നെട്ടയത്തെ സംഘര്‍ഷത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. ഇടപഴഞ്ഞി സുബ്രഹ്മണ്യം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ആറ് പേരെയും പിടികൂടിയത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതികളെ പൊലീസ് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് കിട്ടി.
കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.
സിപിഐഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളിയാണിതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ഒരു സംഘര്‍ഷത്തിന് അവര്‍ ശ്രമിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കമുള്ള നേതാക്കന്‍മാരെ പ്രതിയാക്കിക്കൊണ്ട് കേസെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇന്നലെ പ്രശ്‌നം നടന്നു. ഇന്ന് ആ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണറുമായി സംസാരിച്ച് ഏകദേശ ധാരണയിലെത്തിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചചതിനെ തുടര്‍ന്ന് ഞങ്ങള്‍ സഹകരിച്ചു. ആ സമയത്താണ് ഇടപ്പഴഞ്ഞി മുരുക ക്ഷേത്രത്തിനകത്ത് ചെന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു എന്നത് മാത്രമല്ല, വണ്ടിക്കകത്തിട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. വട്ടിയൂര്‍ക്കാവ് സിഐയാണ് ഇതിനെല്ലാം കാരണമെന്നും ബിജെപി ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
നെട്ടയം മലമുകളില്‍ ഇന്നലെയാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത് . സിപിഐഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രകോപനം സൃഷ്ടിച്ചത് എന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. ബിജെപി പ്രവര്‍ത്തകയ്ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടന്നത് ചോദിക്കാനാണ് ബിജെപി എത്തിയതെന്നും വിശദീകരണം ഉണ്ട്. അതേസമയം, രാഷ്ട്രീയ പ്രേരിത സംഘര്‍ഷമെന്ന വിശദീകരണം നിഷേധിക്കുകയാണ് പ്രദേശത്തെ നാട്ടുകാര്‍. കുടുംബ പ്രശ്‌നവും തുടര്‍ന്നുണ്ടായ അതിര്‍ത്തി തര്‍ക്കവുമാണ് ഏറ്റുമുട്ടലിലേക്ക് എത്തിയതെന്നാണ് എതിര്‍ഭാഗം പറയുന്നത്. നാട്ടുകാരനായ യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്. സംഘര്‍ഷത്തില്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ പരുക്കേറ്റ് ചികിത്സയിലാണ്.
Story Highlights : Clashes in Nettayam; Six more BJP workers in custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




