സ്ട്രോങ് റൂം തുറന്ന സംഭവം; തിരഞ്ഞെടുപ്പ് കമ്മീഷനോട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി
കോഴിക്കോട് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്ന സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. (Opening of ‘polling material room’ in Kozhikode)
എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാണെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം വിശ്വസനീയമല്ല. തിരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ച മുറി തുറക്കാനുള്ള എന്ത് അടിയന്തരസാഹചര്യമാണുണ്ടായത്. അസാധാരണമായ ഉദ്യോഗസ്ഥരുടെ നടപടി സംശയാസ്പദമാണ്. പൂര്‍ണ്ണമായും കേന്ദ്രസേനയുടെ സുരക്ഷാ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരും കേരള പൊലീസും പ്രവേശിച്ചത്. സ്ട്രോങ് റൂമിന് കര്‍ശന സുരക്ഷ ഒരുക്കണമെന്ന വ്യവസ്ഥയില്‍ ഉണ്ടായ ഗുരുതര വീഴ്ചകൂടിയാണിത്. ഇതിന് നേതൃത്വം നല്‍കിയ റിട്ടേണിംഗ് ഓഫീസറെ അടിയന്തരമായി പുറത്താക്കണം.
Read Also: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണോയിതെന്ന് സംശയിക്കേണ്ടിരിക്കുന്നു. എല്‍ഡിഎഫിന് ജനവിധി തിരിച്ചടിയാകുമെന്ന് കണ്ട് കൃത്രിമത്വം നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.അട്ടിമറി സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണല്‍ ദിവസം വരെ സംസ്ഥാനത്തെ എല്ലാ സ്ട്രോങ് റൂമിന് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
സ്ട്രോങ് റൂം രാവിലെ തുറക്കുമെന്ന് വിവരം അറിയിച്ച ശേഷം പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എത്തുന്നതിന് മുന്‍പായി മുറി തുറന്നതും ദുരൂഹമാണ്. ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് പേരാമ്പ്ര. വര്‍ഗീയ വിദ്വേഷ പ്രചരണം ഉള്‍പ്പെടെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ നടന്നിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാജരേഖകള്‍ ചമച്ച് കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. വോട്ടെടുപ്പ് ദിവസം സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായി കള്ളവോട്ടിന് ശ്രമം നടക്കുകയും ചെയ്തു. കുറ്റ്യാടിയിലും കല്യാശേരിയിലും ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ സമാന കേസുണ്ടെന്നും അതിനാല്‍ വ്യക്തമായ കാരണം ഇല്ലാതെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നതിന്റെ കാരണം കണ്ടെത്തണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Story Highlights : Strong room opening ; KC Venugopal MP demands a comprehensive investigation from the Election Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




