‘പെട്ടന്നൊരു പൊട്ടിത്തെറിയായിരുന്നു; കുട്ടികളേയും എടുത്ത് ജീവനും കൈയില്‍ പിടിച്ച് ഇറങ്ങിയോടുകയായിരുന്നു’; ഭീകരത വിവരിച്ച് നാട്ടുകാര്‍
ജനവാസ മേഖല ഒഴിവാക്കണം എന്ന ചട്ടം പാലിച്ചാണ് പടക്ക നിര്‍മാണ ശാല പാടശേഖരത്തിന് നടുവിലെ തുരുത്തിലാക്കിയത്. സ്‌ഫോടനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അവിടുത്തെ ആകാശ ദൃശ്യങ്ങളും പ്രദേശ വാസികളുടെ പ്രതികരണങ്ങളും. കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളില്‍ പോലും സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി.
പലരും ഉച്ചമയക്കത്തിലായിരുന്നു. വലിയ സ്‌ഫോടനശബ്ദം കേട്ട് വീടിന് പുറത്തേക്ക് വന്നവര്‍ കാണുന്നത് ആളുകള്‍ നിലവിളിച്ചുകൊണ്ട് ചിതറിയോടുന്നതാണ്. നിരവധി വീടുകളുള്ള പ്രദേശത്തെ മിക്ക വീടുകളുടെയും ജനല്‍ച്ചില്ലകള്‍ തകര്‍ന്നു. കതകുകള്‍ വിണ്ടുകീറി. ചിമ്മിനികള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും കേടുപാടുണ്ടായി.
തങ്ങള്‍ കിടക്കുകയായിരുന്നുവെന്നും പെട്ടെന്ന് ഒരു പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. ഞങ്ങടെ വീടിന്റെ കുറച്ച് മുന്‍വശത്തായിട്ട് ഒരു ഗുണ്ടോ മറ്റോ വീണ് പൊട്ടി. ചില്ലുകളെല്ലാം പൊട്ടിത്തെറിച്ചു. എന്റെ മോളുടെ കാലുമ്മേല്‍ കുത്തിക്കയറി. കുട്ടികളേയും എടുത്ത് ജീവനും കൈയില്‍ പിടിച്ച് ഇറങ്ങിയോടുകയായിരുന്നു – വീട്ടുകാര്‍ പറയുന്നു.
ഫയര്‍ എന്‍ജിന്‍ കടന്നുപോകാനുള്ള വീതി വഴിക്കില്ലാത്തത് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെന്നും നാട്ടുകാര്‍ പറയുന്നു. വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളെക്കാള്‍ മണിക്കൂറുകള്‍ മുന്‍പും കണ്ട് സംസാരിച്ച മനുഷ്യര്‍ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലിലാണ് മുണ്ടത്തിക്കോട് നിവാസികള്‍.
Story Highlights : People in Mundathikode describe the horror of blast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




