Advertisement

മുണ്ടത്തിക്കോട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍; തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളത്തെ യോഗത്തിന് ശേഷം

April 22, 2026
Google News 3 minutes Read
ministers press meet highlights after cabinet meeting mundathikode blast

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ നല്‍കാനും പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓണ്‍ലൈനായി നടന്ന യോഗത്തിന് ശേഷം മന്ത്രിമാരായ കെ രാജന്‍, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, എം ബി രാജേഷ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും അപകടം നടന്നയിടത്തേക്ക് ഇന്നലെ പോകാനിടയുള്ള ആരെയെങ്കിലും കാണാതായി എന്ന് തോന്നിയാല്‍ ഒരു മടിയും കൂടാതെ ഉടനടി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്ന് മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ( ministers press meet highlights after cabinet meeting mundathikode blast)

അപകടത്തില്‍ എത്ര പേരാണ് പെട്ടിരിക്കുന്നത് ഇപ്പോഴും കൃത്യമായി കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മന്ത്രിമാര്‍ വിശദീകരിച്ചു. അപകടത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സി എമന്‍ രാമചന്ദ്രന്‍ കമ്മീഷനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കേന്ദ്രസഹായത്തെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷിച്ചിരിക്കാതെയാണ് സംസ്ഥാനം ദുരന്തബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ചത്. വയനാട് ദുരന്തമുണ്ടായപ്പോള്‍ കേന്ദ്രത്തോട് കേണുയാചിച്ചിട്ടും സഹായമുണ്ടായില്ലെന്നും നമ്മുക്ക് ചെയ്യാനാകുന്നത് നമ്മള്‍ ചെയ്യുന്നുവെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

Read Also: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

സ്‌ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും ഉള്‍പ്പെടെ 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കും.

പരിക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കും.

പരിക്കേറ്റവര്‍ക്ക് 6 മാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനാവശ്യമായ തുക ജില്ലാ കളക്ടറുടെ ശിപര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാവുന്നതാണ്. ഇതിനു പുറമെ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിനീയമായ തുക ചികിത്സാ ധനസഹായമായി നല്‍കും.

ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

Story Highlights : ministers press meet highlights after cabinet meeting mundathikode blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here