Advertisement

‘കറൻസി ഉപയോഗം കുറയ്ക്കണം’:5 വർഷത്തിനുള്ളിൽ 10 രൂപ നോട്ട് ഒഴികെയുള്ള കറൻസികൾ അസാധുവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തുറന്ന കത്തിൽ ആവശ്യപ്പെട്ട് ബ്രോക്കറേജ് സ്ഥാപനം ബേൺസ്റ്റീൻ

April 23, 2026
Google News 2 minutes Read

പത്ത് വർഷം മുൻപ് പ്രഖ്യാപിച്ച നോട്ടുനിരോധനവും നോട്ടിനായി വരിനിൽക്കലുമൊന്നും നമ്മൾ മറന്നിട്ടില്ല. ഇന്ത്യൻ സന്പദ് വ്യവസ്ഥയെ കൂടുതൽ ഔപചാരികമാക്കാൻ വഴികൾ നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്തിലാണ് പണമിടപാടുകൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബേൺസ്റ്റീൻ പറയുന്നത്. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കാൻ നടപടിയെടുക്കണമെന്നാണ് കത്തിൽ പറയുന്നത്. രാജ്യത്തെ നികുതി അടിത്തറ വിപുലമാക്കാനുള്ള നിർദേശങ്ങളുമുണ്ട്. ചുരുക്കം പറഞ്ഞാൽ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ഏകോപിതമാക്കണം. നികുതി സംവിധാനം വിപുലപ്പെടുത്തണം. സാങ്കേതിക മുന്നേറ്റങ്ങളുടെ വെറും ഉപയോക്താവായി മാത്രം മാറാതെ സാങ്കേതിക വിദ്യകളെ നിയന്ത്രിക്കുന്ന നിലയിലേക്ക് ഇന്ത്യ മാറണമെന്നാണ് ഉപദേശങ്ങളുടെ കാതൽ

ഡിജിറ്റൽ പേയ്മെന്റിൽ അതിവേഗ വളർച്ച കൈവരിക്കാനായെങ്കിലും ഇപ്പോഴും വൻതോതിൽ പണമിടപാടുകൾ നിലനിൽക്കുന്നുണ്ടെന്നാണ് ബേൺസ്റ്റീൻ വിലയിരുത്തുന്നത്. ഇത് സന്പദ് വ്യവസ്ഥയിലെ സുതാര്യത കുറയ്ക്കുന്നുവെന്നും കത്തിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നുവച്ചാൽ പണമിടപാടുകളെല്ലാം കണക്കിൽ വരാറില്ല, അല്ലെങ്കിൽ കണക്കിലെ കളികളിൽ മറച്ചുവക്കാം. ബാങ്ക് വഴിയുള്ള ഇടപാടുകളാകുന്പോ അത് സ്വാഭാവികമായും കണക്കുകളിൽ പെടും. അപ്പോ നികുതിവലയിൽ നിന്നൊഴിഞ്ഞുമാറാനാവില്ല. പണമിടപാട് കൂടുന്നത് കള്ളപ്പണ ഇടപാടുകളിലേക്കും നയിക്കും. ഇതൊക്കെ സന്പദ് വ്യവസ്ഥയെ മലിനമാക്കും. അതൊക്കെ മാറ്റി സാന്പത്തിക മേഖലയെ ശുചീകരിക്കാനാണ് ബേൺസ്റ്റീൻ തുറന്നകത്തുമായെത്തിയത്.

ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി എടുക്കേണ്ട നടപടികളും കത്തിലുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉയർന്ന മൂല്യമുള്ള കറൻസികൾ ഘട്ടംഘട്ടമായി കുറയ്ക്കണമെന്നാണ് ബേൺസ്റ്റീൻ നിർദേശിക്കുന്നത്. 10 രൂപ മാത്രം നിലനിർത്തി 5 വർഷത്തിനുള്ളിൽ മറ്റെല്ലാ കറൻസികളും നിർത്തണമെന്ന് കത്തിലുണ്ട്.വലിയ പണമിടപാടുകൾ നിരുത്സാഹപ്പെടുത്താനും സന്പദ് വ്യവസ്ഥയിൽ സുതാര്യത കൊണ്ടുവരാനും നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഇത് എത്രമാത്രം പ്രായോഗികമാണെന്നാണ് ചോദ്യം. ഒറ്റ ക്ലിക്കിൽ പണമിടപാട് നടത്താവുന്ന യുപിഐക്ക് ഫാൻസ് ഏറെയാണ്. പലപ്പോഴും പഴ്സിൽ കറൻസി കൊണ്ടുനടക്കാൻ ഏറെപ്പേരും മടി കാണിക്കാറുണ്ട്. എന്തിന് എടിഎം കാർഡുകളും ഉപയോഗിക്കുന്നവർ വിരളം. കടയിൽ പോകുന്പോ പഴ്സ് പോലുമെടുക്കാതെ ഫോണിലെ പേയ്മെന്റിനെ വിശ്വസിച്ച് പോകുന്നവരാണേറെ. എന്നാൽ അതിന് അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. ഹോട്ടലിലൊക്കെ പോയി കുശാലായി കഴിച്ചിട്ട് പണം കൊടുക്കാനെത്തുന്പോൾ ഒരു കാരണവുമില്ലാതെ UPI പണിമുടക്കുന്പോൾ ഇളിഭ്യരായി നിൽക്കേണ്ട അവസ്ഥ ഒരിക്കലെങ്കിലുമുണ്ടാകാത്തവർ ചുരുക്കമാണ്. സുഹൃത്തുമായി ഹോട്ടലിൽ പോയി കഴിച്ചിട്ട് പണം കൊടുക്കാനെത്തിയ ശ്രീനിവാസനും മണിയൻ പിള്ള രാജുവും സിനിമയിൽ പറഞ്ഞതുപോലെ ‘മാഗി, ടുഡേ ഐ വിൽ പേ ദ ബിൽ’ എന്ന് പറഞ്ഞ് ഗമയിൽ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്പോ ജി പേ പണിമുടക്കിയതുമൂലം നാണംകെടുന്നവരുമുണ്ട്. മാത്രവുമല്ല പലയിടത്തും ക്യാഷ് ഓൺലി എന്നൊരു ബോർഡും കാണാറുണ്ട്. അതുകൊണ്ടുതന്നെ പൂർണമായും ഡിജിറ്റൽ പേയ്മെന്റിലേക്ക് മാറുകയെന്നതിൽ ചില പ്രായോഗിക പ്രശ്നങ്ങളുമുണ്ട്.

ബേൺസ്റ്റീന്റെ തുറന്ന കത്തിനോടും അതിലെ ഉപദേശങ്ങളോടുമൊക്കെ പ്രധാനമന്ത്രി എങ്ങനെ പ്രതികരിക്കും എന്നാണ് സാന്പത്തിക ലോകം ഉറ്റുനോക്കുന്നത്. 2016ലെ നോട്ടുനിരോധനത്തിന് കാരണമായത് പുനെയിലെ അർത്ഥക്രാന്തി സംസ്ഥാൻ തിങ്ക്ടാങ്കിലെ അനിൽ ബൊകീലിന്റെ ഉപദേശമായിരുന്നു.

Story Highlights : Bernstein open letter to Narendra Modi to demonetise currencies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here