Advertisement

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര പോളിങ്

April 23, 2026
Google News 1 minute Read
tamilnadu

തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര പോളിങ്. വൈകീട്ട് ആറ് മണി 84.35 ശതമാനം പോളിങ് രേഖപ്പെടുത്തി. 2011 ലെ 78.02 ശതമാനമെന്ന റെക്കോർഡാണ് പഴങ്കഥയായത്.പോളിങ് സമയം കഴിഞ്ഞും പലയിടങ്ങളിലും നിരവധി വോട്ടർമാർ ലൈനിൽ കാത്തുനിന്ന് സമ്മതിദാന അവകാശം വിനിയോഗിച്ചു.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള എല്ലാ പ്രമുഖരും ഉച്ചയ്ക്ക് മുന്നേ വോട്ട് രേഖപ്പെടുത്തി മടങ്ങി. പോളിങ് ആരംഭിച്ച ഏഴുമണി മുതൽ എല്ലാ ബൂത്തുകളും സജീവമായി വോട്ടർമാർ എത്തി. ആദ്യരണ്ട് മണിക്കൂറിൽ രേഖപ്പെടുത്തിയത് 18 ശതമാനം വോട്ട് ആണ്. അത് ചരിത്രത്തിലേയ്ക്കുള്ള കൃത്യമായ സൂചനയായിരുന്നു.

ഇവിഎം തകരാറോ സാങ്കേതിക പ്രശ്നങ്ങളോ കാര്യമായി റിപ്പോർട്ട് ചെയ്തില്ല. തീർത്തും സമാധാനപരമായിരുന്നു പോളിങ്. 85,000 ത്തോളം പൊലീസും 300 കമ്പനി കേന്ദ്രസേനയുമാണ് സുരക്ഷയൊരുക്കിയത്. നിർണായക തിരഞ്ഞെടുപ്പിലെ ചരിത്ര ഭൂരിപക്ഷം ആരെ തുണയ്ക്കുമെന്നാണ് ഇനി അറിയേണ്ടത്. പുതുച്ചേരിയിൽ പോളിങ് വർധിച്ചത് ടിവികെയുടെ വരവോടെയെന്ന് അധ്യക്ഷൻ വിജയ് അവകാശപ്പെട്ടിരുന്നു. അതേ കാര്യം തന്നെ തമിഴ് നാട്ടിലും നടക്കുമ്പോൾ അത് ടിവികെ ഉയർത്തികാട്ടും. എന്നാൽ പോളിങ് ശതമാനത്തിൽ കാര്യമില്ലെന്നും ആകെ പോൾ ചെയ്ത അധിക വോട്ടുകൾ 20 ലക്ഷം മാത്രമെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ട്വന്റി ഫോറിനോട് പറഞ്ഞു.

2011 ലെ റിക്കാർഡ് പോളിങിൽ 203 വോട്ടുകളോടെ അധികാരത്തിൽ എത്തിയത് എഐഎഡിഎംകെ സഖ്യമായിരുന്നു. 51.9 ശതമാനം വോട്ടുകൾ സഖ്യം നേടി. എന്നാൽ അന്ന് എഡിഎംകെയ്ക്ക് ഒപ്പമുണ്ടായിരുന്ന ഡിഎംഡികെയും ഇടതു പാർട്ടികളുമെല്ലാം ഇന്ന് ഡിഎംകെ സഖ്യത്തിനൊപ്പമുണ്ട്. 22 പാർട്ടികളുടെ വിശാല സഖ്യം അതാണ് ഡിഎംകെയുടെ ആത്മവിശ്വാസം. ടിവികെയുടെ വോട്ടുകൾ ഈ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന കാര്യത്തിൽ തർക്കമില്ല.

Story Highlights : Historic polling in Tamil Nadu assembly election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here