Advertisement

നേപ്പാളിലെ ജെന്‍-സീ സര്‍ക്കാരിന് കാലിടറുന്നോ? അഴിമതിയും പൊതുജനരോഷവും, രണ്ട് മന്ത്രിമാര്‍ പുറത്ത്, പ്രതിസന്ധി

April 23, 2026
Google News 2 minutes Read

അധികാരമേറ്റ് ഒരു മാസത്തിനുള്ളില്‍ പ്രതിസന്ധികളില്‍ പെട്ട് നേപ്പാളിലെ ജെന്‍- സീ സര്‍ക്കാര്‍. സ്ഥിരതയാര്‍ജ്ജിക്കും മുന്‍പ് വേഗം നഷ്ടപ്പെടുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ടാണ് നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ അധികാരത്തിലേറിയത്. യുവാക്കളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളോടുള്ള പൊതുജനരോഷം, പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിമാരുടെ രാജി, പ്രതിപക്ഷത്തില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയരുന്ന വിമര്‍ശനങ്ങള്‍ ഇവയൊക്കെയാണ് ജെന്‍ സീ സര്‍ക്കാരിന് തലവേദനയാകുന്നത്.

സാന്പത്തിക വെളിപ്പെടുത്തലുകളെ തുടര്‍ന്ന് വിമര്‍ശനങ്ങളേറ്റുവാങ്ങിയ ആഭ്യന്തര മന്ത്രി സുദാന്‍ ഗുരുങ്ങിന്റെ രാജിയാണ് ഏറ്റവും പുതിയ തിരിച്ചടി. നിഷ്പക്ഷമായ അന്വേഷണം നേരിടാനാണ് രാജിയെന്നാണ് മുപ്പത്തിയെട്ടുകാരനായ ഗുരുങ്ങിന്റെ വാദം. ‘എന്നെ സംബന്ധിച്ചിടത്തോളം പദവിയേക്കാള്‍ വലുത് ധാര്‍മികതയാണ്. ജനങ്ങളുടെ വിശ്വാസത്തേക്കാള്‍ വലിയ ശക്തിയില്ല. പൊതുജീവിതം സംശുദ്ധമായിരിക്കണം. നേതൃത്വം ഉത്തരവാദിത്തമുള്ളതായിരിക്കണം”. സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഗുരുങ്ങ് കുറിച്ചു.

മൈക്രോ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലേതുള്‍പ്പെടെ ചില നിക്ഷേപങ്ങള്‍ ഗുരുങ് പൂര്‍ണമായി വെളിപ്പെടുത്തിയിട്ടില്ലെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നതായി AFP റിപ്പോര്‍ട്ട് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുന്ന വ്യവസായി ദീപക് ഭട്ടയുമായുള്ള ബന്ധവും ആരോപണവിധേയമായിരുന്നു. സ്വത്ത് മറച്ചുവക്കാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ 20 ദശലക്ഷം രൂപയിലേറെയുള്ള നിക്ഷേപം വെളിപ്പെടുത്തില്ലായിരുന്നല്ലോ എന്നാണ് ഗുരുങ്ങിന്റെ വാദം. ആരോപണവും സത്യവും ഒന്നല്ലെന്നും വികാരങ്ങളുടെ അടിസ്ഥാനത്തിലല്ല, തെളിലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുങ്ങിന്റെ രാജി മാത്രമല്ല വിഷയം. സര്‍ക്കാര്‍ ബോര്‍ഡില്‍ ഭാര്യക്ക് സ്ഥാനം ഉറപ്പാക്കാന്‍ പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തില്‍ തൊഴില്‍ മന്ത്രി ദീപക് കുമാര്‍ സാഹിനെ ഈ മാസം ആദ്യം പുറത്താക്കിയിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ നടന്ന രണ്ട് രാജികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. സുതാര്യതയും ഉത്തരവാദിത്തവും വാഗ്ദാനം ചെയ്ത് വന്ന സര്‍ക്കാരിന് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകുന്നില്ലെന്ന വാദവുമുണ്ട്.

രാഷ്ട്രീയക്കാരുടെ സ്വത്തുക്കള്‍ അന്വേഷിക്കുന്നതിനായി കമ്മിഷന്‍ രൂപീകരിക്കുന്നതുള്‍പ്പെടെ 100 ഇന പരിഷ്‌കരണനടപടികള്‍ ഭരണകൂടം ആരംഭിച്ചിരുന്നു. എന്നാല്‍ സ്വത്ത് വെളിപ്പെടുത്തല്‍ നടത്തിയ ഉടനെ മന്ത്രിമാരിലൊരാള്‍ രാജിവച്ചത് യുവാക്കളുടെ സര്‍ക്കാരിന് ക്ഷീണമായിട്ടുണ്ട്. ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കപ്പുറം ഒന്നിലധികം മുന്നണികളില്‍ നിന്ന് പ്രതിഷേധവും നേരിടുകയാണ് സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വില കുറഞ്ഞ വസ്തുക്കള്‍ക്ക് കസ്റ്റംസ് തീരുവ ചുമത്താനുള്ള തീരുമാനമാണ് തിരിച്ചടിയായതില്‍ മറ്റൊന്ന്.

അതിര്‍ത്തി പ്രദേശങ്ങളില്‍ സാധാരണമായ, നിരവധി പേര്‍ ആശ്രയിക്കുന്ന ഇത്തരം വസ്തുക്കള്‍ക്ക് കസ്റ്റംസ് തീരുവ ചുമത്തിയത് പ്രതിഷേധത്തിനിടയാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ ഇന്ധന പ്രതിസന്ധിയും വിലക്കയറ്റവും പ്രതിഷേധത്തിന് കാരണമായി. വിദ്യാര്‍ഥി യൂണിയനുകള്‍ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളും തെരുവിലിറങ്ങി. പ്രതിസന്ധി താത്കാലികമാണോ, എങ്ങനെ യുവാക്കള്‍ ഇവയെ കൈകാര്യം ചെയ്യും എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

Story Highlights : Is the Gen-Z government in Nepal on the brink of collapse

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here