മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: വെടിക്കെട്ട് പുരയിലുണ്ടായിരുന്നത് 37 പേരെന്ന് സ്ഥിരീകരിച്ച് പൊലീസ്
മുണ്ടത്തിക്കോട് അപകട സമയത്ത് വെടിക്കെട്ട് പുരയിലുണ്ടായിരുന്നത് 37 പേരെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇന്ന് നടത്തിയ സംയുക്ത പരിശോധനയിൽ നിരവധി ശരീരഭാഗങ്ങൾ കണ്ടെത്തി. അപകട സ്ഥലത്ത് കണ്ടെത്തിയ മുന്നൂറ് കിലോയോളം സ്‌ഫോടക വസ്തുക്കൾ ഉടൻ നീക്കം ചെയ്ത് നിർവീര്യമാക്കും. തുടർ അന്വേഷണത്തിൻ്റെ ഭാഗമായി പ്രദേശം പൂർണമായും പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്ന് തൃശൂർ പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് അറിയിച്ചു.
മൂന്ന് കഡവർ നായകളേയും സ്‌ഫോടക വസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച 2 നായകളേയും ഉപയോഗിച്ചായിരുന്നു ഇന്ന് ആദ്യഘട്ട പരിശോധന. തുടർന്ന് 200 ഓളം പൊലീസുകാരെ അണിനിരത്തി സ്‌ഫോടനമുണ്ടായ പ്രദേശത്തിനു ചുറ്റും അരിച്ചു പെറുക്കി. നിരവധി ശരീര ഭാഗങ്ങൾ വിവിധ ഇടങ്ങളിൽ നിന്നായി കണ്ടെത്തി. പത്ത് മൊബൈൽ ഫോൺ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് 37 പേർ ഉണ്ടായിരുന്നെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
Read Also: ‘വെടിക്കെട്ട് മുറപോലെ നടക്കണം; സാമ്പിൾ ഒഴിവാക്കാമെന്നാണ് പറഞ്ഞത്’; പാറമേക്കാവ് ദേവസ്വം
പ്രദേശത്തു നിന്നു കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ ഇന്നു തന്നെ നീക്കം ചെയ്യും. പ്രത്യേക പൊലീസ് സംഘത്തിൻ്റെയും ജുഡീഷ്യൽ കമ്മീഷൻ്റേയും അന്വേഷണത്തിനായി അപകട മേഖല പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലാക്കും. അപകടകാരണം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷണർ അറിയിച്ചു. ദൃക്‌സാക്ഷി മൊഴികളിൽ വൈരുധ്യമുണ്ട്. ഇവരുടെ വീണ്ടും മൊഴി രേഖപ്പെടുത്തും. ചൂടുകാരണമല്ല അപകടമെന്നാണ് പെസ അന്വേഷണത്തിൻ്റെ പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ട് കാരണമായിട്ടുണ്ടോ എന്നറിയാൻ വൈദ്യുത പരിശോധനാ വിഭാഗത്തിൻ്റെ റിപ്പോർട്ട് വരും വരെ കാത്തിരിക്കണം.
Story Highlights : Mundathikode fireworks accident: Police confirm that 37 people were in the fireworks shed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




