വട്ടിയൂർക്കാവ് സംഘർഷം; സ്റ്റേഷൻ SHO മെഡിക്കൽ അവധിയിൽ പ്രവേശിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവിലെ സിപിഐഎം – ബിജെപി സംഘർഷത്തിന് പിന്നാലെ വട്ടിയൂർക്കാവ് സ്റ്റേഷൻ എസ് എച്ച് ഒ വിപിൻ നാളെ മുതൽ അവധിയിൽ പ്രവേശിക്കും. സംഘർഷത്തിനിടെ എസ് എച്ച് ഒ യ്ക്ക് പരുക്ക് പറ്റിയിരുന്നു. സംഘർഷത്തിൽ പരുക്കേറ്റ എസ് ഐ ദീപുവും ചികിത്സയിൽ തുടരുകയാണ്.
നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. തുടർന്ന് നെട്ടയത്ത് ബി ജെ പി പ്രവർത്തകന്‍റെ ഭാര്യ രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസിന് പരാതി നൽകി. പിന്നാലെ ഇവരുടെ ഭർത്താവായ ബി ജെ പി പ്രവർത്തകനെ നാട്ടുകാരും സി പി ഐ എം പ്രവർത്തകരും ചേർന്ന് തടഞ്ഞുവെച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകരും സംഘടിക്കുകയും തർക്കം രൂക്ഷമാവുകയുമായിരുന്നു. ഇതിനിടയിൽ കല്ലേറും കമ്പ് എറിയലും നടന്നതോടെ സ്ഥിതി നിയന്ത്രണാതീതമായി. ഒരു പൊലീസുകാരന്‍റെ തലപൊട്ടി പരുക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് നടത്തി.
6 ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വട്ടിയൂർക്കാവിൽ ഒരു ക്ഷേത്രത്തിനുള്ളിൽ നിന്നാണ് ആറുപേരെ പൊലീസ് പിടികൂടിയത്. എന്നാൽ സിപിഐഎം പ്രവർത്തകരായ ആരെയും പൊലീസ് പിടികൂടിയില്ല. നാല്പതോളം സിപിഐഎം പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഏകപക്ഷീയമായാണ് പൊലീസ് പെരുമാറുന്നതെന്ന് ബിജെപി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിൽ നിന്ന് പിടികൂടിയ ബിജെപി പ്രവർത്തകരെ പൊലീസ് മർദിച്ചു എന്ന് ആരോപിച്ച് പൊലീസ് ക്യാമ്പിന് മുന്നിലും ആശുപത്രിയിലും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
Story Highlights : Vattiyoorkavu cpim – bjp clash; Station SHO goes on medical leave
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




