Advertisement

തകര ഷീറ്റുകളും പ്ലൈവുഡ് ചുവരകളും! അതിദരിദ്രര്‍ ഇല്ലാത്ത കേരളത്തില്‍ പാമ്പുകടിയേറ്റ് മരിച്ച ദിക്ഷലിന്റെ വീട് ഇങ്ങനെ

April 24, 2026
Google News 3 minutes Read
dikshal

പാമ്പ് കടിയേറ്റ് മരിച്ച എട്ടുവയസുകാരൻ ദിക്ഷൽ കിടന്നുറങ്ങിയത് മുത്തശ്ശിയ്‌ക്കൊപ്പം വീട്ടിലെ തറയിൽ. കുഞ്ഞനുജത്തിക്കൊപ്പം കഴിഞ്ഞ ദിവസവും ഈ വീടിന്റെ മുറ്റത്താണ് ദിക്ഷൽ ഓടിക്കളിച്ചത്.കളിച്ചു തളർന്ന് അച്ഛമ്മയ്ക്കൊപ്പം വീടിനുള്ളിലെ മൺതറയിൽ കിടന്ന് നാളയെ സ്വപ്നം കണ്ടുറങ്ങുമ്പോൾ അപകടം പാമ്പിന്റെ രൂപത്തിൽ പതിയിരിക്കുമെന്ന് ആരും അറിഞ്ഞിരുന്നില്ല.

എവിടെനിന്നോ കിട്ടിയ പ്ലൈവുഡുകളും തകരങ്ങളും കൊണ്ട് മറച്ച ഒരു താത്ക്കാലിക താമസ പുരയാണ് അവന്റെ വീട്. കുഞ്ഞു കാറ്റ് ഒന്നാഞ്ഞു വീശിയാൽ വീടിന്റെ പ്ലൈവുഡ്ചുവരുകളും മേൽക്കൂരയും എല്ലാം തകർന്നു വീഴും. ലൈഫ്, പി എം എ വൈ എന്നീ പദ്ധതിയിൽ കുടുംബത്തിന് പേരുണ്ടായിരുന്നു. ഫണ്ടുകൾ കൃത്യമായി ലഭിക്കാത്തതിനാൽ കരാറെഴുതിയിട്ടും പണം നൽകാൻ ആയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

അതേസമയം, ദിക്ഷലിന്റെ കുടുംബത്തിന് വീട് വെച്ചുനൽകുമെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കി. ഗുഡ്‌മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയിലാണ് പ്രഖ്യാപനം.

ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ് – അനു ദമ്പതികളുടെ മകനാണ് ദിക്ഷല്‍. സംഭവത്തിന് ശേഷം നാട്ടുകാര്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു കുഞ്ഞിന് പാമ്പുകടിയേറ്റത്. ഉറക്കത്തില്‍ നിന്ന് കുട്ടി ഞെട്ടി എണീറ്റ് തന്റെ കാലില്‍ എന്തോ കടിച്ചെന്ന് വീട്ടുകാരോട് പറഞ്ഞു. ഉടന്‍ തന്നെ സമീപത്തെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശവും നല്‍കി. ഇവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

കുട്ടിയുടെ കാലില്‍ പാമ്പിന്റെ കടിയേറ്റതായി ഇന്‍ക്വസ്റ്റ് നടപടികളില്‍ കണ്ടെത്തി. മരിച്ച ദിക്ഷല്‍ ചിറയിന്‍കീഴിലെ സ്വകാര്യ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു. ദിക്ഷലിനെ കൂടാതെ ദിലീപ്- ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞ് കൂടിയുണ്ട്.

Story Highlights : 8-year-old Dikshal, who died of a snakebite, was sleeping on the floor of his house with his grandmother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here