Advertisement

സംസ്ഥാനത്തെ ഉഷ്ണതരംഗം: സാഹചര്യം വിലയിരുത്താന്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

April 24, 2026
Google News 4 minutes Read
actress assault case: survivor meets cm pinarayi vijayan

സംസ്ഥാനത്തെ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നാളെ (ശനിയാഴ്ച ) രാവിലെ 11 മണിക്കാണ് ഓണ്‍ലൈനായി യോഗം ചേരുക. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കാണ് സൂര്യാതപമേറ്റത്. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. (cm pinarayi vijayan calls meeting to discuss about heatwave)

കേരളത്തില്‍ ശനി, ഞായര്‍ തിയതികളില്‍ ഉയര്‍ന്ന താപനില പാലക്കാട് ജില്ലയില്‍ 40 °C വരെയും; കൊല്ലം ജില്ലയില്‍ 39 °C, തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38 °C വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37 °C വരെയും; തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 3 to 4ത്ഥC വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read Also: എഎപി വിട്ടവര്‍ക്ക് ആപ്പ്; പാര്‍ട്ടി വിട്ട 3 എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ ചെയര്‍മാന് കത്ത് നല്‍കാന്‍ എഎപി

പൊതുജനങ്ങള്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കുമുള്ള ജാഗ്രത നിര്‍ദേശം
*പരമാവധി പകല്‍ 11 മുതല്‍ 3 വരെ പുറത്തിറങ്ങുന്നതും കൂടുതല്‍ സമയം ശരീരരത്തില്‍ വെയിലേല്‍ക്കുന്നതും ഒഴിവാക്കുക. ലോക്ക്ഡൗണിന് സമാനമായ ജാഗ്രത ഈ ഘട്ടത്തില്‍ ആവശ്യമാണ്. ആയതിനാല്‍ പകല്‍ സമയത്ത് ജനങ്ങള്‍ സ്വയം ലോക്ക്‌ഡൌണ്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
*പ്രത്യേകിച്ച് ഹൃദ്രോഗം. പ്രമേഹം, ചര്‍മരോഗങ്ങള്‍, കാന്‍സര്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും പ്രായമായവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, ആല്‍ബനിസം പോലെയുള്ള അവസ്ഥയുള്ളവര്‍ എല്ലാം പുറത്തിറങ്ങുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. ഉഷ്ണം ഇവരുടെ ആരോഗ്യാവസ്ഥ കൂടുതല്‍ വഷളാക്കും. വീടിനകത്തും ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ ഉറപ്പാക്കുക.
*വീടിനും തൊഴിലിടത്തിനും അകത്തും പുറത്തും ധാരാളമായി ശുദ്ധജലം കുടിക്കുകയും വായുസഞ്ചാരം (Air ventilation) ഉറപ്പാക്കാനും ശരീരം തണുപ്പിക്കാനും ശ്രമിക്കണം.
*പുറം പണികളില്‍ ഏര്‍പ്പെടുന്നത് പകല്‍ സമയത്ത് പൂര്‍ണ്ണമായി ഒഴിവാക്കണം.
*വീട്ട് ജോലിയില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുന്നവര്‍ കൃത്യമായ ഇടവേളകളില്‍ അല്‍പസമയം വിശ്രമിക്കാനും ശ്രദ്ധിക്കണം.
*ഒഴിവാക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും കുട ഉപയോഗിക്കണം. പാദരക്ഷകള്‍ ധരിക്കണം. സണ്‍ഗ്ലാസുപയോഗിക്കാന്‍ സാധിക്കുന്നവര്‍ അതുപയോഗിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.
*തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഉടനെ വൈദ്യസഹായം തേടണം. മറ്റാരെയെങ്കിലും അത്തരം സാഹചര്യത്തില്‍ കാണുകയാണെങ്കില്‍ അവരെ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാന്‍ ശ്രമിക്കുകയും ഉടനടി വൈദ്യസഹായം നല്‍കുകയും ചെയ്യേണ്ടതാണ്.
*ധാരാളമായി വെള്ളം കുടിക്കാനും വിശ്രമിക്കാനും പോഷക സമൃദ്ധമായതും നിര്‍ജ്ജലീകരണം ഉണ്ടാക്കാത്തതുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.
*കന്നുകാലികള്‍ക്കും മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും വെള്ളവും തണലും ഉറപ്പാക്കണം.
*ഹോട്ടലുടമകള്‍, കുടുംബശ്രീ, യുവജന-സാംസ്‌കാരിക സംഘടനകള്‍, ക്ലബ്ബ്കള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുമായൊക്കെ സഹകരിച്ചു കൊണ്ട് കുടിവെള്ള വിതരണം ഉറപ്പാക്കണം. കൃത്യമായ ഇടവേളകളില്‍ ഇത്തരം സൗകര്യങ്ങള്‍ ശുചീകരിക്കുകയും വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയും വേണം
*വിശ്രമിക്കാനുള്ള തണല്‍ ഇടങ്ങളും തണ്ണീര്‍ പന്തലുകളും ഒരുക്കാന്‍ ശ്രമിക്കണം.
*തുറസ്സായ സ്ഥലത്തുള്ള പൊതുയോഗങ്ങള്‍, കലാകായിക പരിപാടികള്‍, സെലക്ഷന്‍ പ്രോസസ്സുകള്‍, തൊഴില്‍മേളകള്‍ തുടങ്ങി എല്ലാം പുറം പരിപാടികളും പകല്‍ 11 മുതല്‍ 3 വരെയുള്ള സമയങ്ങളില്‍ കര്‍ശനമായി ഒഴിവാക്കണം
*ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളും സമയക്രമീകരണം നടത്തണം. തീപിടുത്ത സാധ്യത വര്‍ദ്ധിക്കുമെന്നതിനാല്‍ തന്നെ അതീവ ജാഗ്രത ഉത്സവങ്ങളുമായും മറ്റ് പൊതുപരിപാടികളുമായും ബന്ധപ്പെട്ടും വ്യാപാര മേഖലയിലും പുലര്‍ത്തേണ്ടതാണ്. വെടിക്കെട്ടുകള്‍, ആന എഴുന്നള്ളിപ്പ് പോലെയുള്ളവ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നു.
*മൃഗങ്ങള്‍ക്കും കഠിന ചൂട് അസ്വസ്ഥതകള്‍ സൃഷ്ടിക്കും എന്നതിനാല്‍ വന്യജീവി ആക്രമണം, തെരുവ് നായ ആക്രമണം ഒക്കെ വര്‍ദ്ധിക്കാനുള്ള സാധ്യത മുന്നില്‍ കാണണം. വളര്‍ത്തു മൃഗങ്ങള്‍ക്കും അലഞ്ഞു തിരിയുന്ന മൃഗങ്ങള്‍ക്കും വെള്ളവും ഭക്ഷണവും നല്‍കാന്‍ ശ്രദ്ധിക്കണം. വീട്ടിലെ മൃഗങ്ങള്‍ക്ക് തണല്‍ ഒരുക്കുകയും പകല്‍ സമയത്ത് മേയാന്‍ വിടുന്നത് ഒഴിവാക്കുകയും ചെയ്യണം.
ഉഷ്ണതരംഗ മുന്നറിയിപ്പിനെ വളരെ ഗൗരവത്തോടെ കാണുകയും കര്‍ശനമായ സുരക്ഷാ മുന്കരുതലുകള്‍ സ്വീകരിക്കുകയും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുകയും വേണം.

Story Highlights : cm pinarayi vijayan calls meeting to discuss about heatwave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here