നിരത്തിലെ കൊട്ടാരം, കെഎസ്ആര്‍ടിസി വേറേ വൈബ്! പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി
കെഎസ്ആര്‍ടിസി പുതുതായി അവതരിപ്പിച്ച ബിസിനസ് ക്ലാസ് ബസോടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശുചിമുറി, കഫെറ്റീരിയ, പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. നിലവില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തുന്ന ബസ് റോഡ് പണി പൂര്‍ത്തിയായാല്‍ തൃശൂര്‍ വരെ നീട്ടുമെന്ന് മന്ത്രി പറഞ്ഞു. (KSRTC business class bus)
ഇന്ത്യയില്‍ ഇതൊരു കള്‍ച്ചര്‍ ആയി മാറും എന്നാണ് തന്റെ വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. നമ്മള്‍ ഇനി ഒരുപാട് വണ്ടികള്‍ ഇതുപോലെ വാങ്ങണം. ഇതൊരു വലിയ സൗകര്യമാണ്. യാത്രക്കാരെ കാറില്‍ നിന്ന് തിരിച്ച് ബസിലേക്ക് ആകര്‍ഷിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. ഞാന്‍ മന്ത്രിയായിട്ട് വന്നപ്പോള്‍ പറഞ്ഞ ഒരു കാര്യം അതാണ്. പോയ യാത്രക്കാരെ മുഴുവന്‍ തിരിച്ചുപിടിക്കാന്‍ പറ്റി. ഇനിയും തിരിച്ചുപിടിക്കാനുണ്ട്. അവരെക്കൂടി ആകര്‍ഷിക്കുകയാണ് ലക്ഷ്യം – അദ്ദേഹം പറഞ്ഞു.
Read Also: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നു ; കേസെടുത്ത് പമ്പ പൊലീസ്
ബിസിനസ് ക്ലാസ് ബസുകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും മന്ത്രി പറഞ്ഞു. ഇത് വിജയിക്കുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേഭാരത് വന്നപ്പോ എല്ലാരും അത്ഭുതപ്പെട്ടു. അതൊരു ആകര്‍ഷണമായി മാറി, വിജയിച്ചു. ഇത് അതുപോലെ ഒരു വിജയമായിരിക്കും – അദ്ദേഹം പറഞ്ഞു.
ബസിലെ സൗകര്യങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ബസില്‍ പാന്‍ട്രിയുണ്ട്. അതിലൂടെ ഫുഡ് കിട്ടും. എയര്‍ഹോസ്റ്റസ് മോഡലില്‍ ഒരു ബസ് ഹോസ്റ്റസ് ഉണ്ടാകും. കോളിംഗ് ബെല്ല് വച്ചിട്ടുണ്ട്. എല്ലാ സീറ്റിലും ബെല്‍റ്റ് വച്ചിട്ടുണ്ട്. സുഖമായിട്ട് ഇരുന്ന് ഉറങ്ങാം. ഒരനക്കവും ഉണ്ടാവില്ല. വോള്‍വോയുടെ ഏറ്റവും ലേറ്റസ്റ്റ് വണ്ടിയാണ് വാങ്ങിച്ചിരിക്കുന്നത്. ഇതിനകത്ത് ബയോടോയ്‌ലറ്റ് ഉണ്ട്. എല്ലാ സീറ്റിലും ടിവിയുണ്ട്. അത് അവനവന്റെ ഫോണില്‍ നിന്നും ഹോട്‌സ്‌പോട്ട് വച്ച് കണക്റ്റ് ചെയ്യാം. ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ഉണ്ട് – അദ്ദേഹം പറഞ്ഞു.
ബസിന്റെ ചാര്‍ജിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 700 രൂപയില്‍ താഴെയായിരിക്കും ചാര്‍ജ്. ഭക്ഷണമുള്‍പ്പടെയാണ്. 38 സീറ്റാണ് ഇപ്പോള്‍ ഉള്ളത്. പാന്‍ട്രി വിപുലമാക്കേണ്ടതുകൊണ്ട് അത് 36 ആക്കേണ്ടി വരും. എല്ലാം ഇംപോര്‍ട്ടഡ് ആയ സാധനങ്ങളാണ് വെച്ചിരിക്കുന്നത്. സേഫ്റ്റി ഫീച്ചേഴ്‌സ് ഉണ്ട്. പിന്നെ ഫയറിന്റെ എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. ഫുള്‍ സേഫ് ആണ് വണ്ടി – അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം – കൊച്ചി റൂട്ടിലാണ് ഈ പ്രീമിയം സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബിസിനസ് ക്ലാസ് ബസും കൊച്ചിയിലേക്ക് തിരിക്കും. ഇതേസമയം, തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടാകും. രാവിലെ പത്ത് മണിക്ക് മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
Story Highlights : K B Ganesh Kumar explain the features of new KSRTC business class bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




