ശബരിമല സന്നിധാനത്തിന് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവം; അസ്വാഭാവികതയില്ല,കെ ജയകുമാർ
ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ്ഗാർഡ് ഹെലിക്കോപ്റ്റർ പറന്ന സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. ഹെലികോപ്റ്റർ വഴി തെറ്റിവന്നതാണെന്ന് ബോർഡിനെ അറിയിച്ചു. ഹെലികോപ്റ്റർ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫോട്ടോയെടുത്ത് പരിശോധിച്ചപ്പോൾ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ ആണെന്ന് വ്യക്തമായി. ശബരിമല സന്നിധാനത്തിനു മുകളിൽ ഇതാദ്യമായുണ്ടായ ഹെലികോപ്റ്റർ സാന്നിധ്യം വലിയ വിവാദമായി തുടരുന്നതിനിടെയാണ് ദേവസ്വം പ്രസിഡന്‍റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
യാദൃശ്ചികമായി സംഭവായിച്ച കാര്യമാണ്. ഹെലികോപ്റ്റർ കോസ്റ്റ്ഗാർഡിന്റേതായതിനാൽ കൂടുതൽ നടപടികളിലേക്ക് കടന്നില്ല. ഉദ്യോഗസ്ഥർ ഫോട്ടോയെടുത്താൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. എഡിജിപി ശ്രീജിത്തിനെ വിവരമറിയിച്ചിട്ടുണ്ട്. അസ്വാഭാവിക എന്തെങ്കിലുമുള്ളതായി തോന്നുന്നില്ല. പമ്പ പൊലീസ് വിചാരിച്ചാൽ ഇത്രയും അന്വേഷണം നടക്കില്ലെന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് തന്നെ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു കോസ്റ്റ് ഗാർഡിന്റെ ചേതക് ഹെലികോപ്റ്റർ ശബരിമല ക്ഷേത്രത്തിന് തൊട്ടു മുകളിലൂടെ പറന്നത്. കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്തു കൂടെ വേഗത കുറച്ചായിരുന്നു ഹെലികോപ്റ്ററിന്റെ സഞ്ചാരം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശബരിമലയുടെ ചിത്രങ്ങൾ പകർത്തിയെന്ന വിവരവും പുറത്തുവന്നു. ഹെലികോപ്റ്റർ സഞ്ചരിച്ചതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർ ചിത്രീകരിച്ചിരുന്നു. സംഭവം വിവാദമായതോടെ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിനോട് റിപ്പോർട്ട് തേടി.
ഹെലികോപ്റ്റർ പറന്നത് അതീവ ഗൗരവതരമെന്ന് സ്പെഷ്യൽ കമ്മീഷണർ കോടതിയെ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. അതീവ സുരക്ഷാ മേഖലയിൽ അനുമതി ഇല്ലാതെ കടന്നുകയറി പരിഭ്രാന്തി ഉണ്ടാക്കിയെന്നാണ് FIR. ഏതെങ്കിലും നിരീക്ഷണത്തിന്റെ ഭാഗമായി ശബരിമലയ്ക്ക് മുകളിലൂടെ പറന്നതല്ല എന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നും കോസ്റ്റ് ഗാർഡ് പറയുന്നു.
Story Highlights : Sabarimala helicopter overflight devaswom board president k jayakumar says no security breach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



