സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് മക്കയില്‍ താമസസൗകര്യം നല്‍കുന്നവര്‍ക്കെതിരെ കടുത്ത നടപടി; സൗദി ആഭ്യന്തര മന്ത്രാലയം
ഹജ്ജ് സീസണോടനുബന്ധിച്ച് മക്കയിലും പുണ്യസ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ. സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് മക്കയില്‍ താമസസൗകര്യം നല്‍കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്താനാണ് തീരുമാനം. (saudi preparations for hajj 2026)
ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തിയാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. സന്ദര്‍ശക വിസയുടെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ഈ നിയമം ബാധകമാണ്. ദുല്‍ ഖഅദ് ഒന്നു മുതല്‍ ദുല്‍ ഹിജ്ജ 14 വരെ അതായത് മെയ് 31 വരെയുയുള്ള കാലയളവില്‍ മക്കയിലോ പുണ്യസ്ഥലങ്ങളിലോ സന്ദര്‍ശക വിസക്കാര്‍ക്ക് താമസസൗകര്യം നല്‍കുന്നത് കുറ്റകരമാണ്. ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, സ്വകാര്യ വീടുകള്‍, തീര്‍ത്ഥാടകര്‍ക്കായുള്ള മറ്റു താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരക്കാരെ താമസിപ്പിക്കാന്‍ പാടില്ല. വിസിറ്റ് വിസയില്‍ ഉള്ളവരെ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ഒരാളെ താമസിപ്പിച്ചാല്‍ ഒരു ലക്ഷം റിയാല്‍ എന്നതാണ് കണക്ക്. എത്രപേരെ താമസിപ്പിക്കുന്നുവോ അതിനനുസരിച്ച് പിഴ വര്‍ദ്ധിക്കും. ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും അംഗീകൃത തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് ഈ നടപടി.
Read Also: ചരിത്രം കുറിച്ച് പരമിത ത്രിപാഠി; കുവൈറ്റിലെ ആദ്യ വനിതാ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റു
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കാം. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ 999 എന്ന നമ്പറിലും അറിയിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഹജ്ജ് ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രാലയം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
Story Highlights : saudi preparations for hajj 2026
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




