ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് മരിച്ച ദിക്ഷലിന്റെ കുടുംബത്തിന് കൈത്താങ്ങാകാന്‍ ട്വന്റിഫോര്‍; വീട് വച്ച് നല്‍കും
തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്‍ ദിക്ഷലിന്റെ കുടുംബത്തിന് കൈത്താങ്ങാകാന്‍ ട്വന്റിഫോര്‍. ദിക്ഷലിന്റെ കുടുംബത്തിന് വീട് വച്ച് നല്‍കും. ഗുഡ്‌മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയിലാണ് പ്രഖ്യാപനം. കുടുംബത്തിന് എത്രയും വേഗം അടച്ചുറപ്പുള്ളൊരു വീട് ഉറപ്പുവരുത്തുമെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. (Twenty-four to help the family of Dikshal)
പ്ലൈവുഡുകളും തകരവും കൊണ്ട് മറച്ച ഒരു താല്‍ക്കാലിക ഷെഡാണ് ദിക്ഷലിന്റെ വീട്. ഇതുവരെ ഒരു ഭവന പദ്ധതിയിലും ഈ കുടുംബം ഉള്‍പ്പെട്ടിട്ടില്ല. ലൈഫ്, പി എം എ വൈ എന്നീ പദ്ധതിയില്‍ കുടുംബത്തിന് പേരുണ്ടായിരുന്നു. ഫണ്ടുകള്‍ കൃത്യമായി ലഭിക്കാത്തതിനാല്‍ കരാറെഴുതിയിട്ടും പണം നല്‍കാന്‍ ആയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ് – അനു ദമ്പതികളുടെ മകനാണ് ദിക്ഷല്‍. സംഭവത്തിന് ശേഷം നാട്ടുകാര്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു കുഞ്ഞിന് പാമ്പുകടിയേറ്റത്. ഉറക്കത്തില്‍ നിന്ന് കുട്ടി ഞെട്ടി എണീറ്റ് തന്റെ കാലില്‍ എന്തോ കടിച്ചെന്ന് വീട്ടുകാരോട് പറഞ്ഞു. ഉടന്‍ തന്നെ സമീപത്തെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശവും നല്‍കി. ഇവിടെ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.
കുട്ടിയുടെ കാലില്‍ പാമ്പിന്റെ കടിയേറ്റതായി ഇന്‍ക്വസ്റ്റ് നടപടികളില്‍ കണ്ടെത്തി. മരിച്ച ദിക്ഷല്‍ ചിറയിന്‍കീഴിലെ സ്വകാര്യ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു. ദിക്ഷലിനെ കൂടാതെ ദിലീപ്- ദമ്പതികള്‍ക്ക് മറ്റൊരു കുഞ്ഞ് കൂടിയുണ്ട്.
Story Highlights : Twenty-four to help the family of Dikshal, who died of a snake bite in Chirayinkeezhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




