സൂര്യാതപമേറ്റാല്‍ എന്താണ് ചെയ്യേണ്ടത്? കുട്ടികളെ എങ്ങനെ ശ്രദ്ധിക്കണം? ഡോ. സൗമ്യ സരിന്‍ പറയുന്നു
കൊടുംചൂടില്‍ വെന്തുരുകുകയാണ് കേരളം. ദിവസവും നിരവധി പേര്‍ക്ക് സൂര്യതപമേല്‍ക്കുന്നത് ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ കനത്ത ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുകയാണ്. സൂര്യതപമേല്‍ക്കുന്നവരില്‍ കുട്ടികളും ഉണ്ടെന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ പൊള്ളുന്ന വേനല്‍ക്കാലത്ത് രോഗികളേയും ഗര്‍ഭിണികളേയും കുട്ടികളേയും പ്രായംചെന്നവരേയും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ് പ്രശസ്ത ഡോക്ടര്‍ സൗമ്യ സരിന്‍. ട്വന്റിഫോറിന്റെ ഗ്രാന്റ് ഡിബേറ്റില്‍ പങ്കെടുത്തുകൊണ്ടായിരുന്നു ഡോ.സൗമ്യയുടെ പ്രതികരണം. (dr soumya sarin shares important Precautions kerala summer)
ഡോ. സൗമ്യ പങ്കുവയ്ക്കുന്ന നിര്‍ദേശങ്ങള്‍:
- കുട്ടികളുടെ ശരീരം ചെറുതായതിനാല്‍ തന്നെ ബോഡി സര്‍ഫസ് ഏരിയ കുറവും സൂര്യതപമേറ്റാല്‍ പൊള്ളലിന്റെ ശതമാനം കൂടുതലായുമാണ് കണക്കാക്കുക. അവധിക്കാലമായതിനാല്‍ കുട്ടികള്‍ പുറത്ത് കളിക്കാന്‍ ആഗ്രഹിക്കുന്ന സമയം കൂടിയാകും ഇത്. എന്നാല്‍ 11 മണി മുതല്‍ 3 മണി വരെയെങ്കിലും വെയില്‍ നേരിട്ട് കുട്ടികളുടെ ശരീരത്തിലേല്‍ക്കാതെ ശ്രദ്ധിക്കേണ്ടതാണ്.
- 60 വയസിന് മുകളില്‍ പ്രായമുള്ളവരും 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.
- ദിവസവും കുറഞ്ഞത് ഒന്നര മുതല്‍ രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും നിര്‍ബന്ധമായി കുടിച്ചിരിക്കണം.
- യുവി കിരണങ്ങള്‍ തൊലിപ്പുറത്തുണ്ടാക്കുന്ന പൊള്ളലാണ് സൂര്യതപം. ഇതുണ്ടായാല്‍ നന്നായി വെള്ളം കുടിക്കാനും അലോവേര ജെല്‍ പോലുള്ളവ പുരട്ടാനും ശ്രദ്ധിക്കാം. സൂര്യതപമുണ്ടായാല്‍ ഉടനടി തണലുള്ള പ്രദേശത്തേക്ക് മാറണം.
- സൂര്യതപമേറ്റാല്‍ തൊലിപ്പുറത്ത് നേരിട്ട് ഐസ് വയ്ക്കുന്നത് ഒഴിവാക്കണം. പകരം തണുത്ത വെള്ളത്തില്‍ കോട്ടണ്‍ തുണി മുക്കി പൊള്ളലേറ്റ ഭാഗത്ത് ഒപ്പിക്കൊടുക്കാം. അല്ലെങ്കില്‍ ഐസ് കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് മാത്രം പൊള്ളലേറ്റ ഭാഗത്ത് വയ്ക്കാം.
- സൂര്യാഘാതം കുറച്ചുകൂടി ഗുരുതരമായ അവസ്ഥയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് മരണത്തിന് വരെ കാരണമായേക്കാം. ചൂട് മൂലം ത്വക്ക് മാത്രമല്ല തലച്ചോര്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ കൂടി ബാധിക്കപ്പെടുന്ന അവസ്ഥയാണിത്. ശരീരത്തിന് സ്വയം അതിന്റെ ഊഷ്മാവിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണിത്. സൂര്യാഘാതമുണ്ടായാല്‍ വിയര്‍പ്പ് പോലുമുണ്ടാകാത്ത സ്ഥിതിയുണ്ടാകും. പരസ്പര ബന്ധമില്ലാതെ പെരുമാറുക, വ്യക്തതയില്ലാതെ സംസാരിക്കുക, ബോധക്ഷയമുണ്ടാകുക തുടങ്ങിയ അവസ്ഥകളുമുണ്ടാകാം. ഇപ്പറഞ്ഞ ലക്ഷണങ്ങളുണ്ടായാല്‍ അടിയന്തര വൈദ്യസഹായം തേടണം. ബോധം മറയുന്ന ആളുകളെ നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിക്കാന്‍ ശ്രമിക്കരുത്. ഉടനടി ആശുപത്രിയിലെത്തിക്കുകയാണ് ചെയ്യേണ്ടത്.
Story Highlights : dr soumya sarin shares important Precautions kerala summer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




