Advertisement

അബ്ബാസ് അരഗ്ചി വീണ്ടും പാകിസ്താനിലെത്തുമെന്ന് റിപ്പോര്‍ട്ട്; ഇറാന് ഏതു സമയത്തും അമേരിക്കയെ ബന്ധപ്പെടാമെന്ന് ട്രംപ്

April 26, 2026
Google News 2 minutes Read

ഒമാന്‍ സന്ദര്‍ശനത്തിനു ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വീണ്ടും പാകിസ്താനിലെത്തുമെന്ന് റോയിട്ടേഴ്‌സ്. റഷ്യയിലേക്ക് പോകും മുമ്പാണ് വീണ്ടും പാകിസ്താനില്‍ എത്തുക. അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ വരവിനു കാത്തു നില്‍ക്കാതെ ഇറാന്‍ സംഘം ഇന്നലെ ഇസ്ലാമാബാദ് വിട്ടതോടെ അമേരിക്ക-ഇറാന്‍ ചര്‍ച്ച വീണ്ടും അനിശ്ചിതത്വത്തിലായിരുന്നു.

യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള പ്രായോഗികമായ ചട്ടക്കൂടിനെക്കുറിച്ചുള്ള ഇറാന്റെ നിലപാട് മധ്യസ്ഥ രാജ്യമായ പാകിസ്താനുമായി പങ്ക് വച്ചതായി അബ്ബാസ് അരഗ്ചി പറഞ്ഞു. നയതന്ത്രത്തെ അമേരിക്ക ഗൗരവമായി കണക്കാക്കുന്നുണ്ടോ എന്ന് അറിയാനിരിക്കുവെന്നും അരഗ്ചി പറഞ്ഞു. അരഗ്ചി ഇന്നലെ ഇസ്ലാമാബാദ് വിട്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ ഇസ്ലാമാബാദ് യാത്ര ട്രംപ് റദ്ദാക്കിയിരുന്നു.

ഇറാന് ഏതു സമയത്തും അമേരിക്കയെ ബന്ധപ്പെടാമെന്ന് ട്രംപ് പറഞ്ഞു. യാത്രയ്ക്കായി സമയം പാഴാക്കാനില്ലെന്നും ട്രംപ് പറയുന്നു. ഇറാന്റെ നേതൃത്വം ആര്‍ക്കാണെന്ന് അവര്‍ക്കു പോലും അറിയില്ലെന്നും പരിഹസിച്ചു.

അതേസമയം, ഇറാനിലെ ചാബഹാര്‍ തുറമുഖത്തിനുള്ള അമേരിക്കന്‍ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും. ഇറാനില്‍ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖമാണ് ചാബഹാര്‍. ചാബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഇറാനിയന്‍ കമ്പനിക്ക് കൈമാറും. ഉപരോധം നീങ്ങിയാല്‍ നിയന്ത്രണം ഇന്ത്യയ്ക്ക് തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയോടെയാകും കൈമാറ്റം. 2003ലാണ് ഇന്ത്യ ചാബഹാര്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്. ഇതുവരെ 12 കോടി ഡോളര്‍ ഇന്ത്യ തുറമുഖത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്.

ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധം കഴിഞ്ഞ വര്‍ഷമാണ് അമേരിക്ക ചാബഹാറിനും ബാധകമാക്കിയത്. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഇളവ് ആറുമാസത്തേക്ക് നീട്ടിയിരുന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോര്‍ട്സ് ഗ്ലോബല്‍ ലിമിറ്റഡാണ് ചാബഹാര്‍ നിയന്ത്രിക്കുന്നത്. പാകിസ്താനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഞ്ച് രാജ്യങ്ങളിലേക്ക് വ്യാപാരം സാധ്യമാക്കുമെന്നതാണ് ചാബഹാറിന്റെ പ്രത്യേകത. 2024-ലാണ് 10 വര്‍ഷത്തേക്ക് തുറമുഖ നടത്തിപ്പിനുള്ള കരാറില്‍ ഇന്ത്യയും ഇറാനും ഒപ്പിടുന്നത്.

Story Highlights :Abbas Araghchi reportedly to return to Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here