Advertisement

തെരുവില്‍ പരസ്പരം താങ്ങായ അന്ധനായ മുസ്ലീം വൃദ്ധനും ഭിന്നശേഷിക്കാരിയായ ഹിന്ദുപെണ്‍കുട്ടിയും; രഘു റായ് പകര്‍ത്തിയ സുന്ദര ചിത്രങ്ങള്‍ വീണ്ടും ശ്രദ്ധ നേടുന്നു

April 26, 2026
Google News 4 minutes Read

ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ രഘു റായ് വിടവാങ്ങിയ വേളയില്‍ അദ്ദേഹത്തിന്റെ ഒരു സുന്ദര ചിത്രം ഓര്‍മിപ്പിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. അന്ധനായ ഒരു വൃദ്ധയാചകനും അദ്ദേഹത്തെ വീഴാതെ കാത്ത ഒരു മാനസിക ബുദ്ധിമുട്ടുകളുള്ള പെണ്‍കുട്ടിയും ഉള്‍പ്പെട്ട മനോഹരമായ ഫ്രെയിമാണ് ശ്രദ്ധ നേടുന്നത്. ബിബിസി ജേര്‍ണലിസ്റ്റ് സൗതിക് ബിശ്വാസാണ് ഈ ചിത്രം വീണ്ടും എക്‌സില്‍ പങ്കുവച്ചത്. (Raghu Rai photo feature is viral again)

ബറോഡയിലെ തെരുവില്‍ കണ്ട ഈ സുന്ദരദൃശ്യം രഘു റായ് പകര്‍ത്തിയത് 1982ലാണ്. ഏജ് ആന്‍ഡ് ഇന്നസെന്‍സ് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടത്. 70 വയസിനടുത്ത് പ്രായമുള്ള അന്ധനായ മുസ്ലിം വൃദ്ധനും മാനസിക ബുദ്ധിമുട്ടുകളുള്ള ഒരു പെണ്‍കുട്ടിയുമാണ് ചിത്രത്തിലുള്ളതെന്നും അടിക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. നിരവധി പേരാണ് എക്‌സില്‍ ചിത്രം റീപോസ്റ്റ് ചെയ്തിട്ടുള്ളത്.

Read Also: ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്; പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

അന്ധനായ വൃദ്ധ യാചകനും ഭിന്നശേഷിക്കാരായ പെണ്‍കുട്ടിയും പരസ്പരം താങ്ങാകുന്നതിന്റെ സുന്ദരമായ നിരവധി ചിത്രങ്ങളും ഈ ഫോട്ടോ ഫീച്ചറില്‍ ഉള്‍പ്പെടുന്നുണ്ട്. തെരുവില്‍ ലഭിച്ച ഭക്ഷണം ഇരുവരും പങ്കിട്ട് കഴിക്കുന്നതും പരസ്പരം തുണയാകുന്നതുമായ അപൂര്‍വ മുഹൂര്‍ത്തങ്ങളാണ് രഘു റായ് ക്യാമറയില്‍ പകര്‍ത്തിയത്.

ഇന്ത്യയുടെ ആത്മാവിനെ തന്റെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത അപൂര്‍വ പ്രതിഭാശാലിയായിരുന്നു രഘു റായ്. നിശ്ചല ഫ്രെയിമുകളിലൂടെ ജീവിതത്തിന്റെ ചടുലതയെയും ആത്മാവിനെയും രഘു റായ് ചിത്രങ്ങളിലേക്ക് ആവാഹിച്ചു. 1984-ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ചിത്രങ്ങളാണ് രഘു റായിയെ ലോകശ്രദ്ധയിലെത്തിച്ചത്. ഭോപ്പാല്‍ ദുരന്തത്തിന്റെ ഭീകരതയും വേദനയും വിളിച്ചോതുന്ന രഘു റായിയുടെ കറുപ്പും വെളുപ്പും ചിത്രങ്ങള്‍ ലോകത്തെ പിടിച്ചുലച്ചു. ദുരന്തത്തില്‍ മരിച്ച ഒരു കുഞ്ഞിനെ അടക്കം ചെയ്യുന്ന ചിത്രം ചരിത്രത്തിലെ തന്നെ ഏറ്റവും വേദനയേറിയ ദൃശ്യങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു.

1942ല്‍ ഇന്നത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ച രഘു റായ് സിവില്‍ എന്‍ജിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1965ല്‍ 23-ാം വയസിലാണ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. 1966-ല്‍ ദി സ്റ്റേറ്റ്സ്മാനിലാണ് തുടക്കം. പിന്നീട് സണ്‍ഡേ മാഗസിന്റെയും ‘ഇന്ത്യ ടുഡേ’ മാഗസിനിന്റെയും ഫോട്ടോ എഡിറ്ററായി പ്രവര്‍ത്തിച്ചു. 1977-ല്‍ ലോകപ്രശസ്ത ഫോട്ടോഗ്രാഫി കൂട്ടായ്മയായ ‘മാഗ്‌നം ഫോട്ടോസി’ലേക്ക് ഇതിഹാസ ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസണ്‍ രഘു റായിയെ നാമനിര്‍ദ്ദേശം ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു രഘു റായ്. 1972ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഫോട്ടോഗ്രഫി മേഖലയിലെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും രഘു റായ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഫോട്ടോഗ്രഫിയിലെ വിഗ്രഹപുരുഷനെയാണ് രഘു റായിയുടെ വിയോഗത്തിലൂടെ ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്.

Story Highlights : Raghu Rai photo feature is viral again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here