Advertisement

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; മരിച്ചത് ചെങ്ങന്നൂര്‍ സ്വദേശി ആസിഫ് അഷറഫ്

April 28, 2026
Google News 2 minutes Read
asif

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ പുത്തന്‍പീടികയില്‍ അഷറഫ് പി.എം.ന്റെയും, സുനീതയുടെയും മകന്‍ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.45 ഓടെയാണ് അപകടം നടന്നത്. പുത്തന്‍കാവ് പളളി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ മാലക്കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മെയ് 15ന് ദുബായിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

അതേസമയം, തൃശൂരില്‍ നാലു കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് മിന്നലേറ്റത്. ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നീ കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. എല്ലാവരെയും തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെയ്യാറ്റിന്‍കരയില്‍ വീടിന് മുകളില്‍ ഇടി മിന്നലേറ്റു. കെഎസ്ഇബി മീറ്റര്‍ കരിഞ്ഞ നിലയിലാണ്. വീട്ടിലെ ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നാലുമണിക്ക് തുടങ്ങിയ മഴയ്ക്ക് പിന്നാലെയായിരുന്നു ഇടിമിന്നല്‍. വാഴവിള സ്വദേശി ബൈജുവിന്റെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.

അതേസമയം, കൊടുംചൂടിനിടെ സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴ പെയ്തു. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും എറണാകുളത്തും ഇന്ന് വേനല്‍ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴ ലഭിച്ചു. വേനല്‍ മഴയില്‍ മണ്ണൂരും പരിസരത്തും വന്‍ തോതില്‍ മഞ്ഞുകട്ടകള്‍ (ആലിപ്പഴം) വീണു. വ്യാഴാഴ്ച മുതല്‍ മെയ് രണ്ടുവരെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു, വേനല്‍ മഴയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Story Highlights : Youth dies after being struck by lightning in Chengannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here