മഞ്ഞക്കാര്‍ഡ് നിയമത്തില്‍ മാറ്റം വരുത്തി ഫിഫ, വാക്കുതര്‍ക്കത്തിനിടെ വായ്‌പൊത്തി സംസാരിക്കുന്ന താരങ്ങള്‍ക്ക് ചുവപ്പുകാര്‍ഡ്?
കാനഡ, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ പതിമൂന്ന് മുതല്‍ നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോളില്‍ മഞ്ഞക്കാര്‍ഡ് നല്‍കുന്ന നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഫിഫ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇത്തവണത്തെ ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂടിയതിനാലാണിത്. തുടര്‍ച്ചയായി കാര്‍ഡുകള്‍ കാണുന്നത് കാരണം നോക്ക് ഔട്ട് ഘട്ടത്തിലെ മത്സരങ്ങള്‍ താരങ്ങള്‍ക്ക് നഷ്ടമാകുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം. നിലവിലെ രീതിയനുസരിച്ച് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു മഞ്ഞക്കാര്‍ഡുകള്‍ റദ്ദാക്കിയിരുന്നത്. ഇത്തവണ 48 ടീമുകള്‍ പങ്കെടുക്കുന്നതിനാല്‍ ഗ്രൂപ്പ് ഘട്ടത്തിന് ശേഷവും ക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ശേഷവും മഞ്ഞക്കാര്‍ഡുകള്‍ ലഭിക്കുന്ന താരങ്ങള്‍ക്ക് ഇളവ് ലഭിക്കും. സാധാരണയായി രണ്ട് മഞ്ഞക്കാര്‍ഡുകള്‍ ലഭിക്കുന്ന താരത്തിന് തുടര്‍ന്ന് വരുന്ന മത്സരം നഷ്ടപ്പെടാറുണ്ട്.
ഇതാദ്യമായി പ്രീക്വാര്‍ട്ടറിന് മുമ്പായി റൗണ്ട് ഓഫ് 32 എന്നൊരു ഘട്ടം കൂടിയുണ്ട് ഇത്തവണ ലോക കപ്പില്‍. ഇരട്ടി ഇളവ് പ്രാബല്യത്തില്‍ വരുന്നതോടെ ഒരു താരത്തിന് വിലക്ക് ലഭിക്കാന്‍ ഒന്നുകില്‍ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കിടെ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കാണണം അല്ലെങ്കില്‍ റൗണ്ട് ഓഫ് 32, പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ ലഭിക്കണം.
കളത്തിലെ വാക്കുതര്‍ക്കങ്ങള്‍ക്കിടെ വായ് മറച്ചുപിടിക്കുന്ന താരങ്ങള്‍ക്ക് റഫറിമാര്‍ക്ക് ചുവപ്പുകാര്‍ഡ് നല്‍കാന്‍ കഴിയുമെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് കളിക്കളം വിട്ടുപോകുന്ന കളിക്കാരെയും പുറത്താക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ മൊറോക്കോയും സെനഗലും തമ്മില്‍ നടന്ന ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫൈനലില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തിലും തുടര്‍ന്നുണ്ടായ കൈയ്യാങ്കളിയിലും സെനഗല്‍ ടീം മൈതാനം വിട്ടിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.
Story Highlights: New red card rules for mouth covering in WC 2026
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




