സിനിമ നിര്‍മിച്ചു, ഇപ്പോള്‍ ജപ്തി ഭീഷണിയില്‍, രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരടി മുന്നോട്ടുപോകാനാകുന്നില്ല; ദുരവസ്ഥ വിവരിച്ച് നടന്‍ സുബീഷ്
ഒരു ഭാരത സര്‍ക്കാര്‍ ഉത്പ്പന്നം എന്ന ചിത്രം സാമ്പത്തിക വിജയം നേടാത്തതിനാല്‍ താന്‍ ജപ്തി ഭീഷണിയിലും ആത്മഹത്യയുടെ വക്കിലുമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ സുബീഷ് സുധി. താന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഈ ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും തിയേറ്ററില്‍ വിജയിക്കാത്തത് സിനിമ നിര്‍മ്മിച്ച തനിക്കും സുഹൃത്തുക്കള്‍ക്കും മേല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് സുബിഷ് പറഞ്ഞു. തന്റെ വീട് ജപ്തിയുടെ വക്കിലാണ്. വല്ലാത്ത കടക്കെണിയിലായ താന്‍ കടക്കാരുടെ കോളുകളെ ഭയന്നാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പിടിച്ചുനില്‍ക്കാനാകാതെ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിക്കേണ്ടതായി പോലും വന്നു. സിനിമയ്ക്കായി ഫണ്ടുതന്നവര്‍ കേസ് കൊടുത്തതിനാല്‍ വാറണ്ടുമുണ്ട്. ജീവിക്കാനാകാത്ത അവസ്ഥയിലാണ് താനെന്ന് സുബിഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (actor Subish Sudhi fb post on his financial crisis after producing a movie)
സിനിമയുടെ പേരുമായി ബന്ധപ്പെട്ട സെന്‍സര്‍ ബോര്‍ഡ് വിവാദം മുതല്‍ സിനിമ ബോംബെയില്‍ വില്‍ക്കാന്‍ പോയപ്പോള്‍ കബളിപ്പിക്കപ്പെട്ടത് ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. വലിയ സ്വപ്നങ്ങള്‍ക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണമെന്നും അദ്ദേഹം പോസ്റ്റിലൂടെ അപേക്ഷിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
വലിയ സ്വപ്നങ്ങള്‍ക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയില്‍ ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി വന്ന ഞാന്‍ 80 ഓളം സിനിമകളില്‍ അഭിനയിച്ചു. ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന പടത്തില്‍ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേര്‍ന്നാണ് നിര്‍മ്മിച്ചത് . 2024 മാര്‍ച്ച് 8 പ്രേമലുവും മഞ്ഞുമ്മല്‍ ബോയിസും തിയേറ്റര്‍ നിറഞ്ഞു നില്‍ക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്‌സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവര്‍ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാം റിവ്യൂവേഴ്‌സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ല്‍ 4 സ്റ്റാര്‍ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.
സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്‌നങ്ങള്‍ ആയിരുന്നു. ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം സിനിമയുടെ പേരില്‍ നിന്ന് ഭാരതം സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തു .
റിലീസ് നു 2 ദിവസം മുന്നേ തിരക്കഥകൃത്തു നിസാംക്ക മരണപെട്ടു. പിന്നേ ഈ സിനിമ വില്‍ക്കാന്‍ ബോംബയില്‍ പോയി അവിടെ കുറെ ഏജന്റ്മാര്‍ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല.
ഞാന്‍ നേരായ വഴിയില്‍ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാന്‍ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാന്‍ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയില്‍ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട് തന്നവര്‍ എനിക്കു എതിരെ കേസ് കൊടുത്തു. അത് വാറണ്ട് ആയി . എന്നെ എപ്പോള്‍ വേണമെങ്കിലും ജയിലില്‍ ഇടുന്ന അവസ്ഥയില്‍ ആണ്. ഇപ്പോള്‍ എന്റെ ഫോണിലേക്കു പൈസ കൊടുക്കാനുള്ളവരുടെ ഫോണ്‍ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവര്‍ എന്റെ ഫോണ്‍ പോലും എടുക്കാതായി. ഒരു ദിവസം 40ഓളം കാളുകള്‍ ആണ് വരുന്നത് കടകാരുടേത്.
പിടിച്ചു നില്കാനാവാതെ 2 തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനു പോലും വേണ്ട. സൂയിസൈഡ് attemptന് മുന്നേ ഞാന്‍ രണ്ടു മൂന്ന് സുഹൃത്തുക്കള്‍ക്ക് മെസ്സേജ് അയച്ചിരുന്നു. അവരില്‍ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു. aswathy മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തില്‍ ധൈര്യമായി മുന്നോട്ടുപോകൂ എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഈ നല്ല സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ ശ്രമിച്ച സതീഷേട്ടനും വര്‍ക്കിച്ചനും സാമ്പത്തിക ബാധ്യതയില്‍ ആണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസര്‍മാറും സമാന അവസ്ഥയില്‍ ആണ്. ഒരു അടിപോലും മുന്നോട്ട് പോകാന്‍ പറ്റാത്ത അവസ്ഥ ആണ്. എന്തു ചെയ്യണമെന്നറിയില്ല, ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല, പക്ഷേ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്, കനിവ് ഉണ്ടാകണം
Story Highlights : actor Subish Sudhi fb post on his financial crisis after producing a movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




