‘മകന്‍ ആത്മഹത്യ ചെയ്യില്ല’; ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാര്‍ഥി ആദിത്യന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
ബെംഗളൂരുവിലെ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. തിരുവനന്തപുരം അരുവിക്കര സ്വദേശി 19കാരനായ ആദിത്യനാണ് ഇന്നലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ സഹപാഠികള്‍ ലഹരി ഉപയോഗിച്ചത് ആദിത്യന്‍ ചൂണ്ടിക്കാട്ടിയതോടെ മകനെ ഒറ്റപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. (Death of nursing student Adithyan)
മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ആദിത്യന്റെ അച്ഛന്‍ പറഞ്ഞു. കോളജില്‍ നിന്ന് ഇന്നലെ വിളിച്ചു. എന്റെ ഭാര്യയെയാണ് വിളിച്ചത്. സീരിയസ് ആണ് വേഗം വരണമെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഇവിടെ ഞാന്‍ വന്നത്. ഇത്തരമൊരു വിഷയം ഇവിടെ വന്നതിന് ശേഷമാണ് ഞാന്‍ അറിയുന്നത്. അവന്‍ അങ്ങനെ ചെയ്യാന്‍ ഒരു സാധ്യതയുമില്ല – പിതാവ് പറഞ്ഞു.
അരുവിക്കര ഇരുമ്പ സ്വദേശിയായ ആദിത്യന്‍ ബാംഗ്ലൂര്‍ ബിടിഎല്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ്ങിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്.
കൂടെയുള്ളവര്‍ കോളജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിത്യന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതി സ്വീകരിക്കാന്‍ പൊലീസ് മടിച്ചെന്നും കുടുംബം പറയുന്നു.
റൂമില്‍ സഹപാഠികള്‍ ലഹരി ഉപയോഗിച്ചതില്‍ ആദിത്യന്‍ പരാതി നല്‍കിയതിന് പിന്നാലെ മകനെ സുഹൃത്തുക്കളുടെ ഇടയിലും കോളജിലും ഒറ്റപ്പെടുത്തി എന്നും ആണ് കുടുംബം ആരോപിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ ഹെബ്ബഗോഡി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : Family alleges mystery in death of nursing student Adithyan in Bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




