Advertisement

നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് ഒരുങ്ങുന്നു; സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന് തറക്കല്ലിട്ടു

April 30, 2026
Google News 2 minutes Read
nithin raj

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരണപ്പെട്ട നിതിന്‍ രാജിന്റെ കുടുംബത്തിന് വീട് ഒരുങ്ങുന്നു. സിപിഐഎം നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍വഹിച്ചു. 1118 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ടു നിലകളിലായാണ് വീട് നിര്‍മ്മിക്കുന്നത്.

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പൊതുയോഗത്തില്‍ പറഞ്ഞു. ഞങ്ങള്‍ കുടുംബത്തിനൊപ്പമാണ്. കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പം നില്‍ക്കും. പലയിടങ്ങളിലും പലരും വാഗ്ദാനം ചെയ്ത വീട് പണികള്‍ പൂര്‍ത്തിയായിട്ടില്ല. ഇവിടെ നിതിന്‍ രാജിന്റെ കുടുംബത്തിന് വയ്ക്കുന്ന വീട് മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും – എം വി ഗോവിന്ദന്‍ പറഞ്ഞു.

Read Also: ‘മകന്‍ ആത്മഹത്യ ചെയ്യില്ല’; ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാര്‍ഥി ആദിത്യന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

ഡോ. റാമിനെ അറസ്റ്റ് ചെയ്യണമെന്നും ഇതൊരു താക്കീത് ആകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അവഹേളിക്കുന്ന ഇത്തരം വിഷ ജീവികളെ തിരുത്താനായില്ലെങ്കില്‍ കേരള സമൂഹത്തിന് നിലനില്‍പ്പില്ല. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന, വിദ്യാഭ്യാസം നേടിയെടുക്കാന്‍ സാധിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു നിതിന്‍. അസാധാരണമായുള്ള ജാതി അധിക്ഷേപം ഉള്‍പ്പെടെയുള്ളവ നിതിന്‍ നേരിടേണ്ടി വന്നു. ഒരു മാസത്തിനുള്ളില്‍ കുറ്റവാളികളെ പുറത്ത് കൊണ്ടുവരാനുള്ള കാര്യങ്ങള്‍ ഗവണ്‍മെന്റ് ചെയ്തിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റാമിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു. പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്ളവരെ ആക്ഷേപിക്കുന്നവരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണം – അദ്ദേഹം വ്യക്തമാക്കി.

നിതിനെ അടക്കം ചെയ്ത കുന്നുനടയിലെ അതേ ഭൂമിയിലാണ് കുടുംബത്തിനായി പാര്‍ട്ടി പുതിയ വീട് പണികഴിപ്പിക്കുന്നത്. സിപിഐഎം വിളപ്പില്‍, വിതുര ഏരിയകമ്മിറ്റികള്‍ ചേര്‍ന്നാണ് വീട് നിര്‍മ്മിക്കുക. പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് മാത്രം ഫണ്ട് പിരിവ് നടത്തിയാണ് വീട് നിര്‍മ്മാണം.

Story Highlights : Foundation stone laid for house built by CPIM for Nithin Raj’s family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here