അമേരിക്കയുടെ സഹായമില്ലാത്ത ഭാവി ഗള്‍ഫിനുണ്ടാകാന്‍ പോകുന്നു, ഹോര്‍മുസ് കടലിടുക്കില്‍ പുതിയ അധ്യായം പിറവിയെടുക്കും: മുജ്തബ ഖമനയി
അമേരിക്കയുടെ പരാജയത്തിന് ശേഷം ഹോര്‍മുസ് കടലിടുക്കില്‍ പുതിയ അധ്യായം പിറവിയെടുക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാന്‍ സ്റ്റേറ്റ് മീഡിയയാണ് മുജ്തബയുടെ എഴുതി തയ്യാറാക്കിയ പ്രസ്താവന പുറത്തുവിട്ടത്. മേഖലയിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം അമേരിക്കയുടെ സൈനിക സാന്നിധ്യമാണെന്നും മേഖലയിലുള്ളത് അമേരിക്കയുടെ പാവ താവളങ്ങളെന്നും മുജ്തബ തുറന്നടിച്ചു. (Mojtaba Khamenei against america)
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രസ്താവന ഇറാന്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടത്. അമേരിക്കയുടെ പരാജയത്തിന് ശേഷം ഹോര്‍മുസ് കടലിടുക്കില്‍ പുതിയ അധ്യായം പിറവിയെടുക്കുമെന്നായിരുന്നു ദേശീയ പേര്‍ഷ്യന്‍ ഗള്‍ഫ് ദിനത്തോടനുബന്ധിച്ചുള്ള മുജ്തബയുടെ എഴുതി തയ്യാറാക്കിയ പ്രസ്താവന. അമേരിക്കയുടെ സഹായമില്ലാത്ത ഭാവിയാണ് ഗള്‍ഫിന് സംഭവിക്കുക. മേഖലയിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണം അമേരിക്കയുടെ സൈനിക സാന്നിധ്യമെന്നും മേഖലയിലുള്ളത് അമേരിക്കയുടെ പാവ താവളങ്ങളെന്നും മുജ്തബ തുറന്നടിച്ചു. ഇറാന്‍ തങ്ങളുടെ ആണവ, മിസൈല്‍ ശേഷികള്‍ സംരക്ഷിക്കുമെന്നും മുജ്തബ കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലേക്ക് 6 കര ഇടനാഴികള്‍ പാകിസ്താന്‍ തുറന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇറാനിയലേക്കുള്ള 3000 ഷിപ്പിംഗ് കണ്ടെയ്നറുകള്‍ കറാച്ചിയിലും ഗ്വാഡോര്‍ തുറമുഖത്തും കുടുങ്ങിക്കിടക്കുകയാണ്. ഇവ ഇറാനിലെത്തിക്കാനാണ് പുതിയ കരഇടനാഴി തുറന്നത്. ഇടനാഴി പാകിസ്താനിലെ കറാച്ചി, കാസിം, ?ഗ്വാഡോര്‍ തുറമുഖങ്ങളെ ഇറാനുമായി ബന്ധിപ്പിക്കുന്നവയാണ്. അതേസമയം ഹോര്‍മുസ് നിയന്ത്രണങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
Story Highlights : Mojtaba Khamenei against america
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




