2500 കോടി ഡോളര്‍; രണ്ട് ലക്ഷം കോടിയിലേറെ രൂപ; ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായ തുക വെളിപ്പെടുത്തി അമേരിക്ക
ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായത് 2500 കോടി ഡോളറെന്ന് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം. ഇന്ത്യന്‍ രൂപയിലാക്കിയാല്‍ രണ്ട് ലക്ഷം കോടിയിലേറെ രൂപ. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സേന ശക്തമായ ആക്രമണം പദ്ധതിയിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില ഉയരുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളര്‍ കടന്നു. (US war in Iran has cost)
യുദ്ധത്തിനായി അമേരിക്ക ഇതുവരെ 2500 കോടി ഡോളര്‍ ചെലവഴിച്ചുവെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥനായ ജൂള്‍സ് ഹേഴ്സ്റ്റ് ഇന്നലെയാണ് യു എസ് കോണ്‍ഗ്രസിന്റെ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മുന്നില്‍ വെളിപ്പെടുത്തിയത്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി ചെലവഴിക്കേണ്ട തുകയാണ് ട്രംപ് യുദ്ധത്തില്‍ കൊണ്ടുതുലച്ചതെന്ന് ഡമോക്രാറ്റുകള്‍ കടുത്ത വിമര്‍ശനമുയര്‍ത്തി.
നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാള്‍ ഫലപ്രദമെന്നും ഉപരോധം ഇറാനെ ശ്വാസം മുട്ടിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. ആണവ വിഷയത്തില്‍ ഇറാനില്‍ നിന്നും ഉറപ്പ് ലഭിക്കാതെ ഉപരോധം പിന്‍വലിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക നാവിക ഉപരോധം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
അതിനിടെ, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ശക്തവുമായ ആക്രമണത്തിന് അമേരിക്കന്‍ സൈന്യം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഉപരോധം തുടരുമെന്ന ട്രംപിന്റെ പ്രഖ്യാപനം മൂലം ബ്രെന്റ് ക്രൂഡ് വില 122 ആയി ഉയര്‍ന്നു. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ട്രംപും ഒന്നര മണിക്കൂറോളം ഫോണില്‍ സംസാരിച്ചു. ഇറാനിലെ വെടിനിര്‍ത്തല്‍ നീട്ടിയതില്‍ ട്രംപിനെ പുടിന്‍ അഭിനന്ദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 50 കോടി ഡോളറിന്റെ ഇറാനിയന്‍ ക്രിപ്റ്റോ കറന്‍സി ആസ്തി അമേരിക്ക പിടിച്ചെടുത്തതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. ഓപ്പറേഷന്‍ ഇക്കണോമിക് ഫ്യൂറി ഇറാനെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു.
Story Highlights : US war in Iran has cost $25 billion so far, says Pentagon official
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




