Advertisement

‘അഴിമതിക്കായി ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളില്‍ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നു; കോടിക്കണക്കിന് ഫണ്ട് നിയമ വിരുദ്ധമായി വക മാറ്റുന്നു’; എന്‍ പ്രശാന്ത്

May 1, 2026
Google News 2 minutes Read
prasanth

സര്‍ക്കാരിനെതിരെ വീണ്ടും എന്‍ പ്രശാന്ത് ഐഎഎസ്. അഴിമതിക്കായി ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളില്‍ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിക്കണക്കിന് ഫണ്ട് നിയമ വിരുദ്ധമായി വക മാറ്റുന്നുണ്ടെന്നും എന്‍ പ്രശാന്ത് ആരോപിച്ചു. തനിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രി അംഗീകരിച്ച് ചെയ്തതാണെന്നും എന്‍ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. ബി അശോകിനെതിരെ അടക്കം എടുത്ത നടപടികള്‍ നിയമപരമായി നിലനില്‍ക്കില്ല ഭരണഘടനയ്ക്ക് മുകളില്‍ ഉത്തരവിടാന്‍ ആര്‍ക്കും സാധിക്കില്ലന്നും എന്‍ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു.

ക്ഷമ നശിച്ച്,ഇനി ഇതില്‍ കൂടുതല്‍ ക്ഷമിക്കാന്‍ പറ്റില്ല എന്ന അവസ്ഥ വരുമ്പോഴാണ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറച്ചു കാലമായി സിവില്‍ സര്‍വീസിനകത്ത് അത് ഐഎഎസ് / ഐപിഎസ് തലത്തില്‍ മാത്രമല്ല, സാധാരണ ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് തന്നെ എനിക്ക് എത്രയോ പേരുടെ മെസേജുകളും മറ്റും വരുന്നതാണ്. ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നതല്ല, അവര്‍ എന്താണ് സംസാരിക്കുന്നത് എന്ന് ദയവു ചെയ്ത് ശ്രദ്ധിക്കൂ. ക്ഷമ നശിച്ച്,ഇനി ഇതില്‍ കൂടുതല്‍ ക്ഷമിക്കാന്‍ പറ്റില്ല എന്ന് വരുമ്പോഴാണ് ഇവരൊക്കെ സംസാരിക്കുന്നത്. തെറ്റായ കാര്യം ചെയ്യാന്‍ വേണ്ടി പല തരത്തില്‍ നിര്‍ബന്ധിക്കുകയാണ്. ബ്ലാക്ക് മെയില്‍ ചെയ്യുക, ജോലി സ്ഥലത്തും സൈബറിടങ്ങളിലും ഉപദ്രവിക്കുക ഒക്കെ ചെയ്യുകയാണ് – എന്‍ പ്രശാന്ത് പറഞ്ഞു.

Read Also: പി വി അന്‍വര്‍മായുള്ള ഫോണ്‍വിളി വിവാദം: മലപ്പുറം മുന്‍ എസ് പി സുജിത്ത് ദാസിന് ക്ലീന്‍ ചീറ്റ് നല്‍കി അന്വേഷണസമിതി

ഇവിടെ ശക്തമായയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടി. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ കാണിക്കേണ്ട ഒരു മര്യാദയുണ്ട്. അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയുടെ കേഡറില്‍ പ്രവര്‍ത്തിക്കാനല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്ളത്. സാധാരണഗതിയില്‍ ഇത്രയ്ക്ക് ഇമോഷണലായിട്ടൊന്നും സംസാരിക്കാത്ത വ്യക്തിയാണ് ബി അശോക്. അദ്ദേഹം പോലും പൊട്ടിത്തെറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ മനസിലാക്കുക, കാര്യങ്ങള്‍ അത്ര പന്തിയല്ല. നിയമവും ചട്ടങ്ങളുമാണ് ഞങ്ങള്‍ അനുസരിക്കുക, അല്ലാതെ മുകളിലിരിക്കുന്ന ഒരാള്‍ രാജാവിനെ പോലെ ആക്രോശിച്ചാല്‍ അനുസരിക്കില്ല. അങ്ങനെ അനുസരിപ്പിക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല. ഇവിടെ ശക്തമായിട്ടുള്ളൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. പല രീതിയിലുള്ള കാര്യങ്ങള്‍ നടത്തിയെടുക്കാനും മറ്റുമായി. അനാവശ്യമായിട്ടുള്ള പ്രൊജക്ടുകള്‍ക്കായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഡൈവേര്‍ട്ട് ചെയ്യുമ്പോള്‍ നമ്മള്‍ ഫയലില്‍ അത് എഴുതാന്‍ പോലും പാടില്ല എന്ന് പറയുക, എഴുതിയവരെ ശിക്ഷിക്കുക. എസ്ടി / എസ്ടി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്രയോ കോടി രൂപയുടെ ഫണ്ട് വക മാറ്റുന്നതും അഴിമതിയും ഞാന്‍ ഫയലില്‍ എഴുതി രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ പെട്ട ഒരു ഫയല്‍ ഇന്നത്തെ ചീഫ് സെക്രട്ടറിയായ ഡോ ജയതിലക് ഇ ഓഫീസില്‍ നിന്ന് പുള്‍ ഔട്ട് ചെയ്തിട്ടുണ്ട് – അദ്ദേഹം വെളിപ്പെടുത്തി.

തനിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രിയുടെ അനുമതിയോടെയെന്നും പ്രശാന്ത് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ഒരു സിസ്റ്റത്തിനകത്തുള്ള മുഖ്യമന്ത്രിയുടെ സ്ഥാനത്ത് ഇരിക്കുന്നവ്യക്തിയെ ഞാന്‍ അനാവശ്യമായിട്ട്, ആവശ്യമുണ്ടെങ്കില്‍ പോലും ഞാന്‍ പറയാതെ വിടുന്നതാണ്. ഏഴോളം അച്ചടക്ക നടപടികളാണ് എനിക്കെതിരെ ഡോ. ജയതിലക് എടുത്തിരിക്കുന്നത്. ഇത് ഓരോന്നും മുഖ്യമന്ത്രി തന്നെ അപ്രൂവ് ചെയ്തതാണ്. ചീഫ് സെക്രട്ടറി ഒറ്റയ്ക്കങ്ങ് ചെയ്തു എന്ന് മാത്രം വിശ്വസിക്കാന്‍ ഞങ്ങളാരും മണ്ടന്മാരൊന്നുമല്ല – അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഉണ്ടെന്നും ഇതൊരു വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വീട്ടില്‍ അച്ചടിച്ചു വരുന്ന ബില്ലിനകത്ത് പറയുന്നു ലോഡ് ഷെഡിങ് ഇല്ലാതായിട്ട് എത്രയോ വര്‍ഷമായെന്ന്. നമുക്ക് സാമാന്യബുദ്ധി എന്ന് പറഞ്ഞൊരു കാര്യമുണ്ട്. സര്‍ക്കാരിന് കള്ളം പറയാന്‍ ഒരു അവകാശവുമില്ല. പ്രത്യേകിച്ച് എത്ര കോടിക്കണക്കിന് രൂപയാണ് വ്യാജമായിട്ടുള്ള നരേറ്റീവുകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. പത്തും ഇരുന്നൂറും കോടിയെടുത്ത് ഇതിനുവേണ്ടി വകമാറ്റുന്ന സമയത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദ്രോഗത്തിനും മറ്റുമുള്ള സര്‍ജറിക്ക് വേണ്ടുന്ന ഉപകരണങ്ങള്‍ പണം കൊടുക്കാന്‍ പറ്റാതെ തിരിച്ചു കൊണ്ടുപോവാണ് – അദ്ദേഹം പറഞ്ഞു.

സത്യം പറയുന്നതിന് നടപടിയെക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരു കോടതിയിലും നില്‍ക്കാന്‍ പോകുന്നില്ലെന്നും ഭരണഘടനയ്ക്ക് മേലെ ഉത്തരവിടാന്‍ മാത്രം കേരളത്തിലാരും ആയെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : N Prashanth IAS again criticizes the government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here