Advertisement

‘ഹോർമൂസിമായി ബന്ധപ്പെട്ട് ഇറാന്റെ ഏകപക്ഷീയ തീരുമാനങ്ങളെ അംഗീകരിക്കാൻ ആകില്ല’; യുഎഇ

May 1, 2026
Google News 1 minute Read

ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാന്റെ ഏകപക്ഷീയ തീരുമാനങ്ങളെ അംഗീകരിക്കാൻ ആകില്ലെന്ന് യുഎഇ. അയൽരാജ്യങ്ങളെ വഞ്ചിച്ച് ആക്രമണം നടത്തിയവരാണ് ഇറാൻ. അന്താരാഷ്ട്ര താല്പര്യങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ച് ഹോർമുസിലൂടെ ഗതാഗതം അനുവദിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.

സംഘർഷം ആരംഭിച്ച് രണ്ട് മാസമായിട്ടും, ഇറാൻ ഉപരോധം കാരണം സുപ്രധാനമായ ഹോർമൂസ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ യുഎസ് നാവികസേന ഇറാനിയൻ അസംസ്കൃത എണ്ണയുടെ കയറ്റുമതി തടയുകയും ചെയ്തു. ഉപരോധം മൂലം ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ 20% സ്തംഭിച്ചു. ഇത് ആഗോള ഊർജ്ജ വിലകൾ ഉയർത്തുകയും സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്ക വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഇറാനെതിരെ യുഎഇ രം​ഗത്തെത്തിയത്.

അതിനിടെ ഇറാനെതിരെ സ്വീകരിക്കാവുന്ന തുടർ സൈനിക നടപടികളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ യു എസ് സെൻട്രൽ കമാൻഡ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറി. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം, കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനായി ഹോർമുസ് കടലിടുക്കിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കൽ, ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകൃത യുറേനിയം കൈവശപ്പെടുത്തുന്നതിനുള്ള പ്രത്യേക സൈനിക ഓപ്പറേഷൻ എന്നിങ്ങനെ മൂന്ന് നിർദ്ദേശങ്ങളാണ് കൈമാറിയത്. ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെ, തുടർ നടപടികൾ സ്വീകരിക്കേണ്ടി വന്നേക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്‌സും ആവർത്തിച്ചത് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Story Highlights : UAE says Iran cannot be trusted over Hormuz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here