Advertisement

അമന്റെ ഭാര്യയും ഭാര്യാ സഹോദരിയും മാനസികമായി പീഡിപ്പിച്ചു! ഡല്‍ഹിയിലെ യുവ ജഡ്ജിയുടെ മരണത്തില്‍ പരാതിയുമായി പിതാവ്

May 3, 2026
Google News 3 minutes Read
LAWYER

ഡല്‍ഹിയില്‍ യുവ ജഡ്ജിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മകന്റെ ഭാര്യയ്ക്കെതിരേ ഗുരുതര ആരോപണവുമായി പിതാവ് രംഗത്ത്. അമന്‍ കുമാര്‍ ജീവനൊടുക്കിയതിനു പിന്നില്‍ ഭാര്യ സ്വാതിയുടെയും ജമ്മുവില്‍ ഐഎഎസ് ഉദ്യോഗസ്ഥയായ അവരുടെ സഹോദരി നിഥി മാലിക്കിന്റെയും മോശം പെരുമാറ്റമാണെന്നാണ് അമന്റെ പിതാവിനെ ഉദ്ധരിച്ച് ബന്ധുക്കള്‍ ആരോപിക്കുന്നത്. നിഥിയുടെ നിയന്ത്രണത്തിലായിരുന്നു തന്റെ ഭാര്യയെന്നാണ് അമന്‍ പറഞ്ഞതെന്ന് പിതാവ് പറയുന്നു. (Father files complaint over death of young Delhi judge)

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കര്‍കര്‍ദുമ കോടതിയില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ് അമന്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണവിവരം പുറത്തുവരുന്നത്. ഭാര്യാ സഹോദരന്‍ വിളിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് അകത്തു നിന്ന് കൊളുത്തിട്ട ശുചിമുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ സഫ്ദര്‍ജങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

Read Also: ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തം: മരണം 9

മരണത്തിന് മുന്‍പ് രാത്രി 10 മണിയോടെ അമന്‍ പിതാവ് പ്രേം ശര്‍മയെ വിളിച്ച് താന്‍ വലിയ മാനസിക പ്രയാസത്തിലാണെന്ന് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ജുഡീഷ്യല്‍ ഓഫിസറായ ഭാര്യയും അമനും തമ്മില്‍ കലഹം പതിവായിരുന്നുവെന്നും കുടുംബം പറയുന്നു. മകന്റെ കോള്‍ വന്നതിനു പിന്നാലെ അല്‍വാറില്‍ നിന്ന് പുറപ്പെട്ട അമന്റെ പിതാവ് പ്രേം ശര്‍മ അര്‍ധരാത്രിയോടെ മകന്റെ വസതിയിലെത്തി.

പ്രേം അവിടെ എത്തിയപ്പോള്‍ ഭാര്യ വലിയരീതിയില്‍ ബഹളം വയ്ക്കുകയായിരുന്നു. അമന്‍ ആകട്ടെ കരയുകയുമായിരുന്നു. ഭാര്യയുടെ മാതാപിതാക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ അദ്ദേഹത്തെ ബ്ലോക്ക് ചെയ്ത നിലയിലാരുന്നു. പിന്നീട് ഒരു ബന്ധു പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും കുറച്ചു സമയം കഴഞ്ഞപ്പോള്‍ ‘തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല’ എന്നു പറഞ്ഞു പിന്മാറിയതായും പിതാവ് ആരോപിക്കുന്നു.

പിറ്റേന്ന് രാവിലെയും പ്രശ്നം തുടര്‍ന്നു. ഇതിനിടെ തന്നോട് മരുമകള്‍ വീടുവിട്ടു പോകാന്‍ ആവശ്യപ്പെട്ടതായും പ്രേം പറയുന്നു. പ്രശ്നം അല്‍പം ശാന്തമായപ്പോള്‍ മകനെ മുറിയിലാകെ തിരഞ്ഞു. അമന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ശുചിമുറിയില്‍ നിന്നാണ് റിങ് ടോണ്‍ കേട്ടത്. പലതവണ വാതിലില്‍ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അയല്‍ക്കാരെ വിവരമറിയിക്കുകയും പിന്നിലെ ജനാലയിലൂടെ അകത്തേക്ക് നോക്കുകയും ചെയ്തു. ആരോ ജനല്‍ ചില്ല് തകര്‍ത്ത് അകത്തേക്ക് നോക്കിയപ്പോള്‍ അമന്‍ ദുപ്പട്ടയില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചു.

പുണെ സിംബയോസിസ് ലോ സ്‌കൂളില്‍ നിന്ന് നിയമബിരുദം നേടിയ അമന്‍, 2021ലാണ് ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത്. പ്രാഥമിക അന്വേഷണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും കുടുംബത്തിന്റെ ആരോപണങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്ന് ഡിസിപി രാജേന്ദ്ര പ്രസാദ് മീന വ്യക്തമാക്കി. മരണത്തിന് തൊട്ടുമുന്‍പ് നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ ഫോണ്‍ രേഖകളും മറ്റ് സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Story Highlights : Father files complaint over death of young Delhi judge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here