‘ഭരണ തുടർച്ചയുണ്ടാകും ഉറപ്പ്; LDF തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു’; മുഹമ്മദ് റിയാസ്
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഭരണ തുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾ എൽഡിഎഫ് തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു. എംഎൽഎമാർ മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രചരണം വോട്ടാകില്ല. എല്ലാ ജനവിഭാഗങ്ങളും ഭരണം വിലയിരുത്തിയിട്ടുണ്ട്. അത് ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. നിഷ്പക്ഷമായ വോട്ട് എൽഡിഎഫിന് ലഭിക്കും. നല്ല വിജയമുണ്ടാകുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എല്ലാ ജനവിഭാഗവും എൽഡിഎഫിനൊപ്പമാണ്. ഒരു ന്യൂനപക്ഷ ഏകീകരണവും ഉണ്ടായിട്ടില്ല. വോട്ട് എണ്ണി കഴിയുമ്പോൾ അത് മനസിലാകും. രാഷ്ട്രീയവും സ്ഥാനാർഥിയുമാണ് വോട്ടിന് കാരണമാകുന്നതെന്ന് അദേഹം പറഞ്ഞു.
പിവി അൻവറിനോട് അതേ രീതിയിൽ മറുപടി പറയാനില്ല. ദൈനംദിന പ്രവർത്തനമാണ് രാഷ്ട്രീയ പ്രവർത്തനം. അതിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി അളക്കേണ്ടതോ കാണേണ്ടതോ ഇല്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വ്യക്തിപരമായ രീതികളോട് മറുപടി പറയാൻ ഇല്ല. അത്തരം പ്രസ്താവനകൾ ജനം വിലയിരുത്തും. അഞ്ച് വർഷം ഉണ്ടായ വ്യക്തി അധിക്ഷേപങ്ങളിൽ മഹാഭൂരിപക്ഷവും ഒഴിവാക്കി വിടുകയാണ് ചെയ്തിട്ടുള്ളത്. ചില പരാമർശങ്ങൾക്ക് മാത്രമേ മറുപടി പറഞ്ഞിട്ടുള്ളൂവെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.
മുഖ്യമന്ത്രി ചർച്ച എല്ലാകാലത്തും കോൺഗ്രസിലുണ്ട്. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ എവിടെയെങ്കിലും തമ്മിലടി കണ്ടോയെന്ന് അദേഹം ചോദിച്ചു. അഞ്ച് കൊല്ലത്തെ യുഡിഎഫ് ഭരണത്തിൽ അത് കണ്ടതാണ്. അത് ശരിവെക്കുന്നതാണ് ഇപ്പോൾ വോട്ടെടുപ്പ് കഴിയുമ്പോൾ കണ്ടത്. യുഡിഎഫിന് വോട്ട് ചെയ്ത വോട്ടർമാരിൽ പോലും നിരാശയുണ്ടാക്കിയിട്ടുണ്ട് അതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. എൽഡിഎഫിന്റെ മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
Story Highlights : PA Muhammad Riyas says LDF will win the assembly elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




