കാപ്പി മുതല്‍ ഉടുതുണി വരെ, ഗ്യാസ് മുതല്‍ പെയിന്റ് വരെ: പശ്ചിമേഷ്യന്‍ സംഘര്‍ഷം മിഡില്‍ ക്ലാസ് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമ്പോള്‍
യുദ്ധത്തിന്റെ രാഷ്ട്രീയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. പിഞ്ചുകുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ മുറിവേല്‍ക്കുന്നതും ചരിത്രനിര്‍മിതികള്‍ പോലും തച്ചുടയ്ക്കപ്പെടുന്നതും യുദ്ധചിത്രങ്ങളുടെ ഭാഗമാണ്. അതുപോലെ തന്നെ യുദ്ധമുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളുടെ വ്യാപ്തി ഏറെയാണ്. പെട്രോള്‍ പമ്പുകള്‍ മുതല്‍ പലചരക്ക് കടകള്‍ വരെ നീളുന്ന വിലക്കയറ്റത്തിന്റെ ചങ്ങല തുടങ്ങുന്നത് യുദ്ധഭൂമികളിലാണ്. സാമ്പത്തിക മേഖലയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ, വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ മുന്നിലെന്ന ഖ്യാതിയില്‍ നില്‍ക്കുമ്പോഴാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകള്‍ കുടുങ്ങിക്കിടന്നപ്പോള്‍ സാധാരണക്കാരുടെ അടുക്കളകളില്‍ അത് കിച്ചന്‍ ഷോക്ക് ആയി. ഓരോ ബില്ലുകളും ഉള്ളുപൊള്ളിക്കുമ്പോള്‍ ഊര്‍ജ്ജ പ്രതിസന്ധിയും വിതരണ ശൃംഖലയിലെ തടസവും ഉള്‍പ്പെടുന്ന ഒരു ചെയിന്‍ റിയാക്ഷന്‍ അതിന് പിന്നിലുണ്ട്. തുടക്കം എണ്ണയില്‍ നിന്ന് തന്നെയാണ്.
- തുടക്കം ഓയില്‍ ഷോക്ക്
രാജ്യാന്തര സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയെന്ന് വിളിക്കാവുന്ന ഊര്‍ജ്ജ പ്രതിസന്ധിയിലാണ് നീണ്ടുപോകുന്ന ചങ്ങലക്കണ്ണികളുടെ തുടക്കം. അസംസ്‌കൃത എണ്ണ വില അസാധാരണമായ നിലയിലേക്ക് ഉയരുന്ന സാഹചര്യം വന്നതോടെ പാചക വാതക വില ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് വില ഉയര്‍ന്നതോടെ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണെന്ന് പറയുന്ന ഹോട്ടലുടമകളെ നമ്മള്‍ കണ്ടു. എത്ര ജീവിതങ്ങളിലാണ് അടച്ചുപൂട്ടല്‍ കരിനിഴലാകുന്നത്. ഹോര്‍മുസിലുണ്ടായ തടസങ്ങളും ഉപരോധവും അസംസ്‌കൃത എണ്ണ വിതരണം പ്രതിസന്ധിയിലാക്കി. കപ്പലുകള്‍ ഹോര്‍മുസ് കടക്കാതായതോടെ അസംസ്‌കൃത എണ്ണ ബാരലിന് 70 മുതല്‍ 120 ഡോളര്‍ വരെ ഉയര്‍ന്നു. ക്രൂഡ് വെറും എണ്ണയല്ലെന്ന് നാം മനസിലാക്കി തുടങ്ങി. ഗതാഗതം, ചരക്ക് നീക്കം, പല വസ്തുക്കളുടെയും ഉത്പാദനം ഇവയ്‌ക്കൊക്കെ ചെലവ് കൂടും.
- ഇന്ധന വിലക്കയറ്റം ഗതാഗതച്ചെലവ് ഉയരുന്നതിലേക്കും എല്ലാ വസ്തുക്കളുടെയും വില കൂടുന്നതിലേക്കും നയിക്കുന്നു
ലോകമെമ്പാടും വ്യാപിക്കുന്ന ചെയിന്‍ റിയാക്ഷനില്‍ ഇന്ധന വിലക്കയറ്റം എല്ലാ വിലക്കയറ്റങ്ങളുടെയും സ്രോതസ് അഥവാ മാതാവായി പ്രവര്‍ത്തിക്കുന്നു. എല്ലാ വ്യവസായങ്ങളും ഏറെ ആശ്രയിക്കുന്ന ഗതാഗതത്തിനും ചരക്ക് നീക്കത്തിനും ചെലവേറുന്നു. അത് ഉത്പാദനച്ചെലവ് കൂടുന്നതിലേക്ക് നയിക്കും. അപ്പോഴെന്തു സംഭവിക്കും? കൂടുന്ന ചെലവിന്റെ ഭാരം എല്ലാ ബിസിനസുകളും ഉപഭോക്താക്കളിലേക്ക് മാറ്റും. ഇതോടെ മാര്‍ക്കറ്റിലിറങ്ങി നമ്മള്‍ വാങ്ങുന്ന ഒട്ടു മിക്ക വസ്തുക്കളുടെയും പ്രൈസ് ടാഗ് നമ്മെ ഭയപ്പെടുത്തും വിധം ഉയരും. കഷ്ടപ്പെട്ട് വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യുദ്ധം വലിയ തിരിച്ചടിയാകുന്നതിങ്ങനെ. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ചെലവേറുന്നത് സമ്പാദ്യത്തിനുള്ള സാധ്യതകള്‍ കുറയ്ക്കും.
- ഭക്ഷ്യ വിലക്കയറ്റം ഒരു നിശബ്ദ പ്രതിസന്ധി
യുദ്ധം ആരംഭിച്ച് ഒരു മാസം കഴിയുമ്പോള്‍ ആഗോള ഭക്ഷ്യ വിലയിലുണ്ടായത് 2.9 ശതമാനം വര്‍ധന. ഭക്ഷ്യ എണ്ണകള്‍ക്ക് രാജ്യത്ത് 30 ശതമാനത്തോളം വിലക്കയറ്റമുണ്ടായി. ഗോതമ്പിനും പഞ്ചസാരക്കും സസ്യ എണ്ണകളും റെക്കോഡ് വിലയിലേക്കുയര്‍ന്നവയില്‍ പെടുന്നു. എന്തുകൊണ്ട് ഭക്ഷ്യ വിലക്കയറ്റമെന്ന് ചോദിച്ചാല്‍ വീണ്ടും ചെയിന്‍ റിയാക്ഷനിലേക്ക് പോകേണ്ടി വരും. കര്‍ഷകര്‍ ആശ്രയിക്കുന്ന ട്രാക്ടറുകള്‍ക്കും ജലസേചനത്തിനും ഗതാഗതത്തിനുമൊക്കെ ചെലവേറുന്നു. വളം നിര്‍മാണത്തിന് ക്രൂഡ് ഒരു അസംസ്‌കൃത വസ്തുവാണെന്നറിയാമല്ലോ. അതുകൊണ്ടുതന്നെ യൂറിയ ഉള്‍പ്പെടെ വളത്തിന് വില കൂടി. ഉത്പാദനം കുറഞ്ഞതോടെ വളം ലഭ്യത കുറഞ്ഞു. ബസ്മതി അരി, തേയില, പഴം-പച്ചക്കറികള്‍, മുട്ട അങ്ങനെ പല ഉത്പന്നങ്ങളും മധ്യ പൂര്‍വേഷ്യയിലേക്ക് അയക്കാനാകാതെ കെട്ടിക്കിടന്നതും വന്‍ തിരിച്ചടിയായി. കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി തടസപ്പെട്ടതോടെ മേഖലയെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങള്‍ കടക്കെണിയിലായി. ഇപ്പോഴത്തെ വില മാത്രമല്ല, പല മേഖലയിലും ഉത്പാദനം കുറഞ്ഞത് അടുത്ത വര്‍ഷം വിതരണത്തിലുണ്ടായേക്കാവുന്ന വെല്ലുവിളി കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.
- ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കള്‍ക്ക് വില കൂടി- പ്ലാസ്റ്റിക്, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്
ഇന്ധനത്തിനും ഭക്ഷണത്തിനും മാത്രമല്ല, ദിവസേന നമ്മള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ ഇവയുടെയൊക്കെ വില കയറി. ഇവയുടെ ഉത്പാദനത്തിനുപയോഗിക്കുന്ന പെട്രോ കെമിക്കല്‍ ഉത്പന്നങ്ങളുടെ വിതരണതടസമാണ് നിര്‍മാണച്ചെലവ് കൂട്ടിയത്. പല ഉപഭോക്തൃ വസ്തുക്കള്‍ക്കും 8 മുതല്‍ 10 വരെ ശതമാനം വിലക്കയറ്റമുണ്ടായതായി വിപണി കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്ലാസ്റ്റിക്, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, ഷൂസ് എന്നിവയ്ക്ക് 60 ശതമാനം വരെ വിലയേറി. 95 ശതമാനം വസ്തുക്കളുടെയും നിര്‍മാണത്തില്‍ പെട്രോ കെമിക്കല്‍സ് ഉപയോഗിക്കുന്നതിനാല്‍ വിലക്കയറ്റം കുടുംബ ബജറ്റിനെ താളം താളംതെറ്റിക്കാന്‍ മാത്രം ശക്തമാകുന്നു. വിലക്കയറ്റം ഒരിടത്ത് മാത്രമൊതുങ്ങുന്ന പ്രതിഭാസമല്ല. ആഗോളതലത്തില്‍ 16 ശതമാനം വരെ ഉത്പന്ന വിലക്കയറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. പെയിന്റ് ഉത്പാദനത്തിന്റെ 40-50 ശതമാനം അസംസ്‌കൃത വസ്തുക്കളും വരുന്നത് ക്രൂഡ് വകഭേദങ്ങളില്‍ നിന്നാണ്. ബെര്‍ജര്‍ പെയിന്റ്‌സ് ഏപ്രിലില്‍ രണ്ട് തവണ വില കൂട്ടി. മൂന്നാം തവണയും വില കൂട്ടാനൊരുങ്ങുന്നു. ഏഷ്യന്‍ പെയിന്റ്‌സ്, നെരോലാക്, ബിര്‍ല ഓപസ് തുടങ്ങിയ കമ്പനികളും ഈ മാസം അഞ്ചോടെ വില ഉയര്‍ത്തുമെന്നാണ് വിവരം. നിര്‍മാണ മേഖലയില്‍ ഇത് തിരിച്ചടിയാകും. മിക്ക ഏഷ്യന്‍ രാജ്യങ്ങളും ഊര്‍ജ്ജ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ പ്രതിസന്ധി താരതമ്യേന കടുക്കും. ആഗോളീകരണം സ്വാഭാവികമായതോടെ പശ്ചിമേഷ്യയില്‍ നിന്ന് ഏറെ അകന്നുള്ള രാജ്യങ്ങള്‍ പോലും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നു.
- സാമ്പത്തിക വളര്‍ച്ച കുറയും
യുദ്ധം നീണ്ടുനിന്നാല്‍ അത് ആഗോള വ്യാപകമായി സാമ്പത്തിക വളര്‍ച്ച കുറയ്ക്കുമെന്നും വിലക്കയറ്റമുണ്ടാക്കുമെന്നും രാജ്യാന്തര നാണ്യനിധി (IMF) പ്രവചിച്ചുകഴിഞ്ഞു. ഉത്പാദനം കുറയുകയും വില ഉയരുകയും ചെയ്യുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് മൂക്കുകയറിടും. പോരാത്തതിന് എണ്ണ ഏറെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഇറക്കുമതിച്ചെലവ് അമിതമായി വര്‍ധിക്കുന്നത് വ്യാപാരക്കമ്മി ഉയരാനും വിദേശനാണ്യ കരുതല്‍ ശേഖരം കുറയാനും രൂപയുടെ മൂല്യം ഇടിയാനും കാരണമാകും.
യുദ്ധം നടക്കുന്നത് ഒരു പ്രത്യേക മേഖലയിലാണെങ്കിലും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് അതിരുകളില്ലെന്നതാണ് സത്യം. ആഗോളവത്കരണ കാലത്തുണ്ടാകുന്ന ഏത് സംഘര്‍ഷത്തിനും വില കൊടുക്കേണ്ടി വരും- ഇന്നല്ലെങ്കില്‍ നാളെ അതെല്ലാവരുടെയും വീട്ടുപടിക്കലെത്തുകയും ചെയ്യും. പരസ്പരബന്ധിതമായ ലോകത്ത് ഒരു യുദ്ധവും പ്രാദേശികമല്ല. പശ്ചിമേഷ്യയിലെ എണ്ണക്കിണറുകളില്‍ നിന്ന് ലോകമെമ്പാടുമുള്ള തീന്‍മേശകളിലേക്ക് പടരുമ്പോള്‍ യുദ്ധത്തിന്റെ കെടുതിക്ക് എല്ലാവരും വില കൊടുക്കേണ്ടി വരുന്നു. സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞതുപോലെ അവിടെ യുദ്ധം, ഇവിടെ വറുതി എന്ന മട്ടിലുള്ള ദൃശ്യങ്ങള്‍ സാധാരണക്കാര്‍ മാറിമാറി കാണേണ്ടിവരാതിരിക്കട്ടെ.
Story Highlights : West Asian conflict disrupts the rhythm of middle-class family budgets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




